മാനന്തവാടി: വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ല. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ പ്രതിയായ ആന്റോ അഗസ്റ്റിൻ 14 ദിവത്തേക്ക് മാനന്തവാടി ജില്ലാ ജയിലിൽ തന്നെ തുടരും.
വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്തതിനെ തുടർന്ന് അബ്കാരി ആക്ട് പ്രകാരം കൽപ്പറ്റ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ 14 ദിവസത്തേക്ക് ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിൻ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. 138 കുപ്പി മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. വന്‍തോതില്‍ ശേഖരിച്ച് വെച്ച മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്‌ഐആറിലെ പ്രാഥമിക നിഗമനം. അറസ്റ്റിന് മുന്നോടിയായി എക്സൈസ് ഉദ്യോഗസ്ഥര്‍ ആന്റോയെ 5 മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദനമേറ്റിട്ടുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ആന്റോയുടെ മറുപടി. വലിയ തോതില്‍ മദ്യം കണ്ടെടുത്തതിനാല്‍ കേസില്‍ തുടരന്വേഷണം അത്യാവശ്യമാണെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു.
അതേസമയം ആന്റോയുടെ അഭിഭാഷകൻ ഒന്നരമണിക്കൂർ ജാമ്യത്തിനായി വാദിച്ചു. മദ്യം പിടിച്ച വീട് ആന്റോയുടെ പേരിലല്ലെന്നും 2022ൽ ഒരുസ്ത്രീക്ക് നൽകിയതാണെന്നും ആന്റോ ഇവിടെ താമസിക്കുന്നില്ലെന്നുമാണ് വാദിച്ചത്. എന്നാൽ, 2025ൽ ഈ വീട് ആന്റോയുടെ പേരിലാണ് എന്ന രേഖ പ്രോസിക്യൂഷൻ ഹാജരാക്കുകയായിരുന്നു.
ബുധനാഴ്ച വീട്ടിൽ നടത്തിയ റെയ്ഡിൽ 67 ലിറ്റർ മദ്യം, 43 ലിറ്റർ വിദേശനിർമിത വിദേശമദ്യം, 4.824 ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചരലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവ ഉൾപ്പെടെ എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. ഒരാൾക്ക് മൂന്നുലിറ്റർ വിദേശമദ്യവും 3.5 ലിറ്റർ വൈനുമാണ് നിയമപരമായി സൂക്ഷിക്കാൻ കഴിയുക.
SUMMARY: Anto’s bail plea in the illegal liquor possession case rejected; he will remain in jail.















