ദുബായ്: ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു. ഒമാൻ പൗരനായ ഹമാം അല്‍ ഹമാമിയാണ് സംഭവത്തിലെ പ്രതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഹമാം അല്‍ ഹമ്മാമി ഒമാന്‍ എയറില്‍ ഏഴ് വര്‍ഷം ജോലി ചെയ്തുവെന്ന് ലിങ്ക്ഡ്‌ഇന്‍ പ്രൊഫൈലില്‍ പറയുന്നു. ലിങ്ക്ഡ്‌ഇന്‍ പ്രൊഫൈല്‍ ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.
ഹമാം അല്‍-ഹമ്മാമിയുടെ പിതാവ് ഒമാന്‍ പൗരനാണ്. മാതാവ് സിറിയക്കാരിയുമെന്നാണ് ലഭിക്കുന്ന വിവരം. ഹമാം 2025 ജൂണില്‍ റോയല്‍ എയര്‍ മൊറോക്കോയില്‍ ചേര്‍ന്നു. ഈ വര്‍ഷം ആദ്യമാണ് റോയല്‍ എയര്‍ വിട്ട് ഫ്ലൈ ദുബായില്‍ എത്തിയത്. ഫ്ലൈ ദുബായില്‍ എത്തിയിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ. സഊദി അധികൃതരും ഇസ്‌റാഈലി ഉദ്യോഗസ്ഥരും അക്രമിയെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എന്തായിരുന്നു ഇയാളുടെ ലക്ഷ്യം എന്നത് ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
സെപ്റ്റംബർ 30ന് ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം നടന്നത്. കോ-പൈലറ്റിന്റെ ആക്രമണത്തെ തുടർന്ന് ക്യാപ്റ്റൻ സ്മിത് മച്ചാറിന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനം അതിവേഗം താഴേക്ക് പതിച്ചതായാണ് റിപ്പോർട്ട്. വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടായിരുന്നു. ക്യാപ്റ്റൻ കോക്പിറ്റ് വാതില്‍ തുറന്നതോടെ യാത്രക്കാരില്‍ ചിലർ കോക്പിറ്റിലെത്തി കോ-പൈലറ്റിനെ കീഴടക്കി. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്തു. വിമാനം സൗദിയില്‍ അടിയന്തരമായി ഇറക്കുകയും ചെയ്തു.
SUMMARY: Attack on Flydubai flight; co-pilot identified
















