കൊല്ലം: പ്രണയബന്ധത്തിന് കുടുംബാംഗങ്ങള്‍ എതിര് നിന്നതിനെത്തുടർന്ന് കമിതാക്കള്‍ ശാസ്താംകോട്ട തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു. വലിയോട് മറവൻകോട് ഐ.എച്ച്.ഡി.പി ഉന്നതിയില്‍ അഭിഷേക് ഭവനില്‍ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകള്‍ അഭിരാമി (19), പൂയപ്പള്ളി സ്വദേശിയായ രാജീവ് (26) എന്നിവരാണ് ജീവനൊടുക്കിയത്.
ശനിയാഴ്ച വൈകീട്ട് ശാസ്താംകോട്ട തടാകത്തില്‍ ചാടിയ ഇവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെയോടെയാണ് കരയ്ക്കടിഞ്ഞത്. കഴിഞ്ഞ കുറച്ചുകാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും ബന്ധത്തെച്ചൊല്ലി വീട്ടുകാർ നല്കിയ പരാതിയില്‍ പോലീസ് ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വേളയില്‍, ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇരുവരും എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്തിരുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അഭിരാമിയും രാജീവും തടാകത്തിന് സമീപത്ത് എത്തിയത്. ഇരുവരുടെയും ബാഗുകള്‍ തടാകക്കരയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങള്‍ തുടർനടപടികള്‍ക്കായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
SUMMARY: Distraught over their families’ opposition to their relationship, a couple ended their lives by jumping into Sasthamkotta Lake.
















