തിരുവനന്തപുരം: മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് പത്ത് മുതല്‍ വിതരണം ആരംഭിച്ച് ഉത്രാട ദിനമായ ഓഗസ്റ്റ് 25നകം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനം ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഓണം പ്രമാണിച്ച് മുന്‍ഗണനേതര വിഭാഗത്തിന് സ്പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലും രണ്ട് കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.
ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ളൈകോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. 12 മുതല്‍ ജില്ലാ തലങ്ങളിലും ശേഷം നിയോജകമണ്ഡലം തലങ്ങളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. 13 സബ്‌സിഡി ഇനങ്ങള്‍ ഓണച്ചന്തകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഉറപ്പുവരുത്തും.
അരിവിലക്കയറ്റം നേരിടാന്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളും റേഷന്‍ കടകളും വഴി തുച്ഛമായ വിലക്ക് അരിവിതരണം നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശമെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നുമാണ് ധനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിര്‍ദേശം.
SUMMARY: Distribution of free Onam kits to yellow cardholders for Onam.















