ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കർണാടക ആരോഗ്യ വകുപ്പ്. രാജ്യത്ത് നിലവിൽ എബോള രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുന്നോരുക്കങ്ങളുടെ ഭാഗമായാണ് നടപടി.
ബെംഗളൂരുവിലെയും മംഗളൂരുവിലെയും സർക്കാർ ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ, ക്വാറന്റൈൻ, ചികിത്സാ സൗകര്യങ്ങൾ എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐസൊലേഷൻ കേന്ദ്രമാക്കി. എപ്പിഡെമിക് ഡിസീസസ് ആശുപത്രി ക്വാറന്റൈൻ, ചികിത്സാ സൗകര്യമായി പ്രവർത്തിക്കും. മംഗളൂരുവിൽ, ന്യൂ മാംഗളൂർ പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ശ്രീനിവാസ് പോർട്ട് ആശുപത്രിയെ ക്വാറന്റൈൻ കേന്ദ്രമായും വെൻലോക്ക് ജില്ലാ ആശുപത്രി ഐസൊലേഷൻ, ചികിത്സാ കേന്ദ്രമായും പ്രവർത്തിക്കും.
സംശയിക്കപ്പെടുന്ന രോഗികളെ ഇവിടങ്ങളിലിലേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി പ്രത്യേക ആംബുലൻസുകളും ക്രമീകരിച്ചിട്ടുണ്ട്.
സംയോജിത രോഗ നിരീക്ഷണ പരിപാടി (IDSP) പ്രകാരം രോഗബാധിത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് 21 ദിവസത്തെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളുമായും മറ്റ് പ്രവേശന കേന്ദ്രങ്ങളുമായും (PoE) ഏകോപിപ്പിച്ച് സംസ്ഥാനത്തുടനീളമുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകൾ (RRT) പ്രവര്ത്തന സജ്ജമാണ്.അണുബാധ തടയുന്നതിലും നിയന്ത്രിക്കുന്നതിലും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നുണ്ട്, കൂടാതെ പിപിഇ, അവശ്യ മരുന്നുകൾ, ലബോറട്ടറി പിന്തുണാ സംവിധാനങ്ങൾ എന്നിവയുടെ മതിയായ ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.
സംശയിക്കപ്പെടുന്ന കേസുകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) വഴി സ്ഥിരീകരണ പരിശോധനയ്ക്കായി പൂനെയിലെ എൻഐവിയിലേക്ക് അയയ്ക്കും. പനി, കഠിനമായ ബലഹീനത, പേശി വേദന, തലവേദന, വയറിളക്കം, അല്ലെങ്കിൽ കണ്ണുകൾക്ക് ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
SUMMARY: Ebola virus outbreak; Karnataka steps up preventive measures
















