കൊച്ചി: സി.എം.ആര്.എല്‍ – എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ ഇത് രണ്ടാം തവണയാണ് വീണയെ ചോദ്യം ചെയ്യുന്നത്.
ഇനിയും ചോദ്യം ചെയ്യലിന് മുന്‍ മുഖ്യമന്ത്രിയുടെ മകളെ വിളിപ്പിക്കുമെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ വീണ ഹാജരായത്. ഒരു മണിക്കൂറിന് ശേഷം പത്തര മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരമെങ്കിലും ഇതിന്റെ തീയതി സംബന്ധിച്ച വിവരം ലഭ്യമല്ല. തീയതിയുടെ കാര്യത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനമെടുത്തിട്ടില്ല.
സി.എം.ആര്.എല്‍ – എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇതുവരെ വീണ ഉള്‍പ്പെടെ ഏഴ് പേരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. വീണയ്ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്കൈമാറിയിരുന്നു. കൊച്ചിയിലെ കമ്പനികാര്യ കേസുകള്‍ കൈകാര്യംചെയ്യുന്ന കോടതിയില്‍ ഇഡി നല്കിയ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി.
SUMMARY: ED releases Veena T after questioning her for the second time in the monthly payment case; summons issued to appear again
















