നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ അതിക്രൂരമായി. കൊലപ്പെടുത്തി. പാറത്തറയിൽ അപ്പച്ചൻ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ഇരുവരെയും കൊലപ്പെടുത്തിയതിന് ശേഷം പ്രതിയായ അജീഷ് (26) ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെ ആണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് നാട്ടുകാരും സ്ഥലത്തെത്തി. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നെടുങ്കണ്ടത്ത് നിന്ന് എത്തിയ പോലീസ് സംഘം അജീഷിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 9:30 ഓടെയായിരുന്നു ദാരുണ കൊലപാതകം. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും തുടർന്ന് പ്രകോപിതനായി ഇരുവരെയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിലാണ് മൃതദേഹങ്ങൾ.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിക്ക് ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യും. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. അജീഷ് സ്ഥിരം മദ്യപാനിയായിരുന്നുവെന്നാണ് വിവരം. മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. കടുത്ത മദ്യപാനിയായതിനെ തുടർന്ന് അജീഷിനെ ഡീഅഡിക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിരുന്നു. അജീഷിൻ്റെ സഹോദരൻ വിദേശത്താണ്.
SUMMARY: Father and mother brutally murdered in Nedumkandam; son in custody















