തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ ആർ. ശരത്ത് (63) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും വേറിട്ട സിനിമകളിലൂടെ മലയാള സിനിമാലോകത്തെ സാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ദേശീയ പുരസ്കാരവും നാല് സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഷാജി എൻ കരുണിന്റെ അസിസ്റ്റന്റായി സിനിമാ ലോകത്തെത്തിയ ശരത്ത് 2000ല്‍ പുറത്തിറങ്ങിയ ‘സായാഹ്നം’ എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകാരനും സ്വതന്ത്ര സംവിധായകനുമായി മാറിയത്. ഈ ചിത്രം വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്ഥിതി, സ്വയം പറുദീസ, ശീലാബതി, ബുദ്ധനും ചാപ്ളിനും ചിരിക്കുന്നു എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
‘ദി പെയിന്റഡ് എപിക്സ്’ എന്ന ഡോക്യുമെന്ററി തയ്യാറാക്കവെ പ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടെ അന്നുവരെ കാണാത്ത ചില ചിത്രങ്ങൾ അദ്ദേഹം കണ്ടെത്തി. ഇവ പൊതുജനങ്ങൾക്ക് അറിവുള്ള ചിത്രങ്ങളല്ലായിരുന്നു. ഇതിനുപുറമേ ചുമർചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് 1996ൽ കേന്ദ്ര സാംസ്കാരിക വകുപ്പിൽ നിന്ന് ജൂനിയർ ഫെലോഷിപ്പിനും അദ്ദേഹം അർഹനായി.
SUMMARY: Film director R. Sarath passes away















