ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായ വിൻഗ്രൂപ്പിന്റെ ഇലക്ട്രിക് ടാക്സി സേവനമായ ഗ്രീൻ എസ്.എം. ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കർണാടകയിലെ സ്വകാര്യ ഗതാഗത സംഘടനകൾ രംഗത്ത്. കമ്പനിയുടെ പ്രവേശനം നഗരത്തിലെ ആയിരക്കണക്കിന് ടാക്സി, ഓട്ടോ ഡ്രൈവർമാരുടെ ഉപജീവനത്തെ ബാധിക്കുമെന്നാണ് സംഘടനകളുടെ ആശങ്ക. ഇതുസംബന്ധിച്ച് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻസ് ഫെഡറേഷൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നിവേദനം നൽകി.
വാഹനങ്ങൾ ബാങ്കുകളിൽനിന്നോ ധനകാര്യ സ്ഥാപനങ്ങളിൽനിന്നോ വായ്പയെടുത്ത് വാങ്ങുന്നവരാണ് ഭൂരിഭാഗം സ്വതന്ത്ര ടാക്സി ഡ്രൈവർമാരും. വായ്പ തിരിച്ചടവ്, ഇൻഷുറൻസ്, പെർമിറ്റ്, അറ്റകുറ്റപ്പണി, ഇന്ധനച്ചെലവ് തുടങ്ങിയ ബാധ്യതകൾ ഇവർക്കുണ്ട്. എന്നാൽ വലിയ കോർപ്പറേറ്റ് മൂലധനവും സ്വന്തമായ വാഹനവ്യൂഹവും ആപ്പും സാങ്കേതിക സംവിധാനങ്ങളുമുള്ള ഗ്രീൻ എസ്.എം. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തിയാൽ ചെറുകിട ഓപ്പറേറ്റർമാർക്ക് മത്സരിക്കുക പ്രയാസമാകുമെന്നാണ് സംഘടനയുടെ വാദം.
ഒരു കിലോമീറ്ററിന് എട്ട് രൂപ മുതൽ നിരക്ക് ഈടാക്കാൻ കമ്പനി പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളെയും ഫെഡറേഷൻ ചോദ്യം ചെയ്തിട്ടുണ്ട്. ഈ നിരക്ക് യഥാർഥ പ്രവർത്തനച്ചെലവിനേക്കാൾ കുറവാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഗ്രീൻ എസ്.എം. വാഹനങ്ങളുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തുക, കമ്പനിയുടെ അഗ്രിഗേറ്റർ ലൈസൻസ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഓഡിറ്റ് നടത്തുക, നിരക്കുകളുടെ നിയമസാധുത പരിശോധിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങൾ.
SUMMARY: Green SM Taxi organizations in Karnataka against taxi services
















