ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലദിനാഘോഷത്തോടനുബന്ധിച്ച് ഡോ. സുഷമ ശങ്കർ പരിഭാഷപ്പെടുത്തിയ ‘കന്നഡ ബാലകഥകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രസിഡന്റ് രമേശ് കുമാർ വി. പുസ്തകം പ്രകാശനം ചെയ്തു. മലയാളം മിഷൻ അധ്യാപിക അഞ്ജലി ബിനോയ് പുസ്തകം ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി രജേഷ് പി. പുസ്തകത്തെ പരിചയപ്പെടുത്തി.
കന്നഡ ജാനപദ കഥകളുടെ സമ്പന്നമായ പൈതൃകം മലയാളി ബാലവായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രമുഖ ജാനപദ പണ്ഡിതൻ ജീ. ശം. പരമശിവയ്യയുടെ ‘കന്നഡ ജനപദ കഥെഗളു’ എന്ന 320 പേജുകളുള്ള കൃതിയിൽനിന്ന് തിരഞ്ഞെടുത്ത കഥകളാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 1970-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി ഏഴാമത്തെ പതിപ്പുവരെ എത്തിയത് അതിന്റെ സാഹിത്യപരവും സാംസ്കാരികവുമായ പ്രാധാന്യത്തിന് തെളിവാണ്. ജനജീവിതത്തിന്റെ അനുഭവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ജാനപദ കഥകളെ കുട്ടികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ അവതരിപ്പിക്കാനാണ് പരിഭാഷക ശ്രമിച്ചിട്ടുള്ളത്. മൂലകഥകളുടെ ആശയവും സാംസ്കാരികത്തനിമയും പരമാവധി നിലനിർത്തിക്കൊണ്ടാണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്.
















