ബെംഗളൂരു: ബെളഗാവിയില്‍ യുവതി ദുരഭിമാനക്കൊലക്കിരയായ സംഭവത്തിൽ കുടുംബാംഗങ്ങളായ മൂന്ന് പേര് അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീലാവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുക്കളായ അമ്മാവൻ പ്രകാശ് ഭീമപ്പ ഹീലാവർ(46), സഹോദരൻ ഷാനുർ സദാശിവ് ഹീലാവർ (35), സഹോദരീ ഭർത്താവ് മൊരബാദ് കാലപ്പ മായപ്പ ഹീലാവി (40) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ കാണ്മാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുടുംബം നടത്തിയ ദുരഭിമാനക്കൊല കണ്ടെത്തിയത്.
സന്തോഷ് എന്നയാളെയാണ് സത്യവ്വ വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് കൃഷ്ണ എന്ന് പേരുള്ള മറ്റൊരാളുമായി യുവതി അടുപ്പത്തിലായിരുന്നു. ഈ വർഷം തുടക്കത്തിൽ സത്യവയും കൃഷ്ണയും ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിരുന്നു. മാർച്ച് 13ന് സത്യവയെ ബന്ധുക്കൾ അന്വേഷിച്ച് കണ്ടെത്തി മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. യുവാവിന്റെ ജാതി ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഇരുവരുടെയും ബന്ധത്തെ ശക്തമായി എതിർത്തു. എന്നാൽ കൃഷ്ണയ്ക്കൊപ്പം ജീവിക്കണമെന്ന നിലപാടിലായിരുന്നു യുവതി.
ഇതോടെ യുവതിയെ കൊലപ്പെടുത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. പ്രതികൾ ബലം പ്രയോഗിച്ച് വിഷം നൽകി സത്യവയെ കൊലപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലിയിൽ വച്ചാണ് സംഭവം നടന്നത്. യുവതി മരിച്ചതിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാനായി പ്രാദേശിക ശ്മശാനത്തിൽ അവരുടെ സംസ്കാര ചടങ്ങുകളും പ്രതികൾ നടത്തി.
ബെളഗാവി പോലീസ് സ്റ്റേഷനിൽ കൃഷ്ണ നൽകിയ കേസിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം പോലീസ് അന്വേഷണത്തിൽ വലിയ താത്പര്യം കാണിച്ചിരുന്നില്ല. പിന്നീട് കേസ് റീഓപ്പൺ ചെയ്യുകയായിരുന്നു. യുവതിയുടെ മാതാവിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയാണ് പോലീസ് കേസിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സാംഗ്ലി ജില്ലയിലെ അരാഗ് ഗ്രാമത്തിലാണ് കൊലപാതകവും തെളിവ് നശിപ്പിക്കലും നടന്നതെന്നതിനാൽ, കൂടുതൽ നിയമനടപടികൾക്കായി കേസ് മഹാരാഷ്ട്ര പോലീസിന് കൈമാറുമെന്ന് ബെളഗാവി എസ്പി രാമരാജൻ പറഞ്ഞു.
SUMMARY: Honor killing in Belagavi; Three family members arrested















