ഭോപ്പാൽ: മനുഷ്യവൃഷണം വിറ്റാൽ ഒന്നേകാൽ കോടിയോളം രൂപ കിട്ടുമെന്ന് ഇന്‍സ്റ്റഗ്രാം റീ കണ്ട് വിശ്വസിച്ച അഞ്ചുപേർ ചേർന്ന് കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. തെരുവിൽ പേനയും കീചെയിനും വിറ്റ് കുടുംബം പോറ്റിയിരുന്ന റൈഹാന്‍ എന്ന പതിനേഴുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം വൃഷണം ബ്ലേഡുപയോഗിച്ച് എടുക്കുകയായിരുന്നു. നൂറുരൂപ നൽകാമെന്നു പറഞ്ഞ് കൗമാരക്കാരനെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് കൊടും ക്രൂരകൃത്യം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബി.ബി.എ. രണ്ടാംവർഷ വിദ്യാർഥിയായ സോഹിബ് ഖാൻ(20), ആമിർ ഖുറേഷി(18), പ്രായപൂർത്തിയാകാത്ത മറ്റു മൂന്നുപേർ എന്നിവരെ പോലീസ് പിടികൂടി.
ഓഗസ്റ്റ് ആറിനാണ് അരുംകൊല നടന്നത്. താനൊരു ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച സോഹിബാണ് കുറ്റകൃത്യത്തിന്റെ സൂത്രധാരൻ. വെളുത്ത ഏപ്രൺ ധരിച്ച് ഡോക്ടറായി വേഷമിട്ട് ഇൻസ്റ്റാഗ്രാം റീൽ ചെയ്ത സോഹിബ് കൗമാരക്കാരന്റെ വൃഷണങ്ങൾ ലഭിച്ചാല്‍ അത് ഏകദേശം 1.2 കോടി രൂപയ്ക്ക് വിൽക്കാമെന്ന് കൂട്ടാളികളെ വിശ്വാസിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൃഷണം ലഭിക്കാൻ 15-16 വയസ്സുള്ള ഒരാൺകുട്ടിയെ വേണമെന്ന് സംഘത്തിന് സോഹിബ് നിർദേശം നൽകി. അതിന്റെയടിസ്ഥാനത്തിലാണ് കുട്ടികൾ ഇയാളെ തിരഞ്ഞെടുത്തത്. .
പരമദരിദ്രനായ കൗമാരക്കാരനെയാണ് ഇവർ കൊലപ്പെടുത്തിയത്. പിതാവ് നേരത്തേ മരിച്ച 17 കാരന്റെ മാതാവ് ഒരു ശുചീകരണത്തൊഴിലാളിയാണ്. ഭോപ്പാലിലെ ഇഖ്ബാൽ മൈതാനത്തിനും മോത്തി മസ്ജിദിനുമിടയിൽ പേനയും കീചെയിനും വിറ്റാണ് കുട്ടി കുടുംബത്തെ സഹായിച്ചുപോന്നത്. പതിവുപോലെ മൈതാനത്ത് പേനയും കീചെയിനും വിൽക്കുകയായിരുന്ന സമയത്ത് പരിചയക്കാരായ കുട്ടികൾ അവനോട് ഒരടിപിടിക്കേസ് തീർപ്പാക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു. പ്രതിഫലമായി നൂറുരൂപ കിട്ടുമെന്ന് പറഞ്ഞതോടെ അവൻ അവർക്കൊപ്പം പോയി. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചശേഷം പിന്നിൽനിന്ന് കുത്തി കീഴ്പ്പെടുത്തി. പിന്നാലെ കത്തിയുപയോഗിച്ച് പലതവണ കുത്തി. സോഹിബ് ഫോൺവഴി നൽകിയ നിർദേശങ്ങളനുസരിച്ചാണ് കൃത്യം നടത്തിയത്.
പിന്നീട് നാൽവർ സംഘം സോഹെബിന്റെ നിർദേശപ്രകാരം മൃതദേഹത്തിൽ നിന്ന് വൃഷണം മുറിച്ചെടുത്ത് പോളിത്തീൻ കവറിലാക്കി സൂക്ഷിച്ചു.
കൊലപാതകത്തിനു ശേഷമാണ് വൃഷണം ആർക്ക് വിൽക്കുമെന്നതിനെക്കുറിച്ച് പ്രതികൾ ആലോചിച്ചത്. വൻ തുക നൽകി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളോളം കാത്തിരുന്നു.എന്നാൽ ഒടുവിൽ തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലാക്കിയതോടെ അവർ വൃഷണം വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.
ഓഗസ്റ്റ് പത്തിനാണ് മൃതദേഹം പോലീസിന് ലഭിക്കുന്നത്. അഴുകിയനിലയിലായതിനാൽ ആളെ തിരിച്ചറിയാതെ വന്നതോടെ ഫോട്ടോകൾ പ്രചരിപ്പിച്ചു. എന്നാൽ ആരും ഏറ്റെടുക്കാനെത്തിയില്ല. ഇതോടെ മൃതദേഹം അടക്കംചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും ആളെ തിരിച്ചറിയാത്തത് പോലീസിനെ കുഴക്കി. എങ്കിലും കൊലപാതകക്കുറ്റത്തിന് കേസെടുത്തു. എന്നാല്‍, ആഗസ്റ്റ് 15 ന് കാണാതായ തന്റെ മകനെ അന്വേഷിച്ച് കുട്ടിയുടെ അമ്മ പോലീസിലെത്തിയതോടെയാണ് ട്വിസ്റ്റുണ്ടായത്. കൈയ്യിലെ ടാറ്റൂവിന്റെ സഹായത്തോടെ മൃതദേഹം തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നതും പ്രതികൾ പിടിയിലായതും.
SUMMARY: Human testicles cost 1.20 crores; Five people arrested for killing 17-year-old man and cutting his testicles