‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്
![]()
കണാരി ഗുരുക്കളിൽ നിന്ന് 1985-90കളിൽ നേടിയ കളരി ചികിത്സയും ഉഴിച്ചിലും പിന്നീടു ഞാൻ ഗൗരവമായി എടുത്തിരുന്നില്ല. 1998ലാണു ബാംഗ്ലൂരിൽ കളരി ഉഴിച്ചിൽ ആരംഭിച്ചത്. യശ്വന്തപുരം ത്രിവേണി റോഡിലുള്ള രാധാകൃഷ്ണന്റെ കെട്ടിടത്തിലാണ് ഉഴിച്ചിൽ കേന്ദ്രം തുടങ്ങിയത്. ശ്രീ നാരായണ സമിതിയിലെ വിശ്വാത്മാനന്ദയാണ് ഇതിനു വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിത്തന്നത്. കോഴിക്കോടു പൂത്തറയിലെ സ്വാമി ഗുരുക്കളുടെ മകൻ ലക്ഷ്മണൻ ഗുരുക്കളാണ് ഇവിടെ കളരി ഉഴിച്ചിലും ചികിത്സയും ആരംഭിച്ചത്. പിന്നീടു വടകരയ്ക്കടുത്തു കൊല്ലത്തെ തങ്കച്ചൻ ഗുരുക്കളാണ് ഇവിടെ ഉഴിച്ചിൽ നടത്തിയത്.
ഈ അവസരത്തിലാണ് ആർഎസ്എസ് നേതാവ് ശേഷാദ്രിജിയെ പരിചരിക്കാൻ എനിക്കു ഭാഗ്യമുണ്ടായത്. അദ്ദേഹത്തെ അലട്ടിയിരുന്ന നടുവേദന ആഴ്ചകൾകൊണ്ടു ഭേദമാക്കി. ലക്ഷ്മണനാണു കളരി ഉഴിച്ചിൽ ചെയ്തത്. നടക്കാൻ വയ്യാതിരുന്ന അദ്ദേ ഹത്തെ ചാമരാജ് പേട്ടയിലെ ആർഎസ്എസ് കാര്യാലയത്തിൽ വെച്ചാണു ചികിത്സിച്ചത്. എൻ്റെ കുടുംബത്തെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തിരിച്ചു പോകുന്ന ദിവസമാണ് എനിക്കവരെ ശേഷാദ്രിജിയുടെ അടുത്തു കൊണ്ടുപോകാൻ കഴിഞ്ഞത്. കേന്ദ്രമന്ത്രി അനന്തകുമാർ, ബി എസ് യദ്ദൂരപ്പ, എംഎൽഎമാർ തുടങ്ങി നിരവധിപേർ ഉണ്ടായിരുന്നു. മാത്രമല്ല അവിടെ മുഴുവൻ പോലീസായിരുന്നു. അപ്പോഴാണു ശേഷാദ്രിജി വഹിക്കുന്ന സ്ഥാനത്തിൻ്റെ വലിപ്പം എനിക്കു മനസ്സിലായത്. ആ തിരക്കിനിടയിൽ എല്ലാവരെയും മാറ്റി നിർത്തി അദ്ദേഹം സഹായിയെ വിട്ടു ഞങ്ങളെ അടുത്തേക്കു വിളിപ്പിച്ചു.
കുന്നോത്തുപറമ്പിലെ അനിൽകുമാറും പൊയിലൂരിലെ വാസുവും 2000ൽ എന്നെ കാണാൻ ബാംഗ്ലൂരിൽ വന്നിരുന്നു. അവരിൽ നിന്നാണു കോഴിക്കോട്ടെ രവി മേനോൻ നാഡീമർദന ക്രിയ എന്ന ചികിത്സ നടത്തുന്നതായി അറിഞ്ഞത്. അനിൽ കുമാറിൻ്റെ അപസ്മാരരോഗം രവി മേനോനാണു ഭേദമാക്കിയത്. ഞാൻ അനിലിനോടൊപ്പം കോഴിക്കോട്ടു പോയി അദ്ദേഹത്തെ കണ്ടു. ഈ കൂടിക്കാഴ്ചയാണു കളരി ചികിത്സയും നാഡീമർദന ക്രിയ എന്ന സമ്പ്രദായവും സംയോജിപ്പിച്ച് ‘അൽട്ടിമേറ്റ് ഫിറ്റ്നെസ് സെന്റർ’ എന്ന സ്ഥാപനം ബാംഗ്ലൂരിൽ തുടങ്ങാൻ നിമിത്തമായത്. കളരി ചികിത്സയുടെ ഭാഗമായ ഉഴിച്ചിലിൽ അകത്തും പുറത്തും മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. യാതൊരു മരുന്നും ഉപയോഗിക്കുന്നില്ല എന്നതാണു നാഡീമർദന ക്രിയയുടെ പ്രത്യേകത.
ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി, സിദ്ധ വൈദ്യം, യൂനാനി, അക്യുപ്രഷർ, അക്യൂപങ്ചർ, അർക്കവൈദ്യം, അരോമ തെറാപ്പി, ഓറിക്യൂലർ തെറാപ്പി, വർണ ചികിത്സ, ഇലക്ട്രോ ഹോമിയോപ്പതി, രത്ന ചികിത്സ, കരിമ്പ് ചികിത്സ, ഹോളിസ്റ്റിക് ഹീലിങ്, ഹിപ്പ്നോട്ടിക് ചികിത്സ, കരുണ ഹീലിംഗ്, കാന്ത ചികിത്സ, സംഗീത ചികിത്സ, പ്രകൃതി ചികിത്സ, നാച്ചുറോപ്പതി, ഫിസിയോ തെറാപ്പി, പ്രാണിക് ഹീലിംഗ്, റെഫ്ളക്സോളജി, പ്രാർഥനാ ചികിത്സ, സ്പീച്ച് തെറാപ്പി, സ്പർശ ചികിത്സ, ജല ചികിത്സ, വ്യായാമ ചികിത്സ, യോഗ ചികിത്സ, റെയ്ക്കി, കളരി ചികിത്സ, മർമ്മ വൈദ്യം, ഉഴിച്ചിൽ, പഞ്ചകർമ തുടങ്ങി ധാരാളം ചികിത്സാരീതികൾ നിലവിലുണ്ട്. കളരി മർമ്മ ചികിത്സകളിൽ നിന്നു വേറിട്ടു നിൽക്കുന്നതാണ് അതിപ്രാചീനമായ നാഡീ മർദന ക്രിയാ രീതി. ചികിത്സ എന്നതിലുപരി ശരീരത്തിൽ ഉണ്ടാകുന്ന ദുഷ്ട് ഇല്ലായ്മ ചെയ്തു ശരീരത്തിൻ്റെ സന്തുലനാവസ്ഥ നിലനിർത്തുക എന്നതാണ് ഇതിൻ്റെ അടിസ്ഥാനതത്ത്വം.
ക്രമീകരണമില്ലാത്ത ജീവിത ശൈലിയും അമിത ഭക്ഷണവുമാണ് ഒട്ടുമിക്ക അസുഖങ്ങൾക്കും കാരണം. അസുഖങ്ങളുടെ യഥാർഥ കാരണം കണ്ടുപിടിക്കാതെയുള്ള ചികിത്സയും മരുന്നുകളുടെ അമിത ഉപയോഗവും മൂലമാണു മാറാരോഗികൾ പെരുകുന്നത്. ഈ അവസ്ഥയിലാണു മരുന്ന് ഉപയോഗിക്കാതെയുള്ള ചികിത്സാരീതികളുടെ പ്രസക്തി വർധിക്കുന്നത്. പൂർവികർ പ്രാവർത്തികമാക്കിയ നാഡീമർദന ക്രിയയുടെ പുനരാവിഷ്കരണമാണ് അൽട്ടിമേറ്റ് ഫിറ്റ്നെസ് സെൻ്ററിലെ ചികിത്സാരീതി.
നാഡീമർദന ക്രിയയുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ചാൽ കളരിയുടെ ആരംഭ കാലഘട്ടത്തിലാണു ചെന്നെത്തുക. ഈ വിഷയത്തെക്കുറിച്ചു കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. ഏതൊരു പഠനവും മനുഷ്യനന്മയ്ക്കും പുരോഗതിക്കും സന്തോഷ പ്രദമായ ജീവിതസാഹചര്യം ഒരുക്കാനും ഉതകുന്നതായിരിക്കണം.
പരശുരാമൻ മഴുവെറിഞ്ഞു കടൽ കരയായി മാറ്റിയ പ്രദേശമാണു കേരളം എന്നാണല്ലോ ഐതിഹ്യം. അദ്ദേഹം 108 കളരികൾ സ്ഥാപിച്ചെന്നും ഈ കളരികളിലെ ഗുരുക്കന്മാർക്കു പകർന്നു നൽകിയതാണു നാഡീമർദന ക്രിയ എന്നും വിശ്വസിച്ചു വരുന്നു. പരമ്പരകളായി ഗുരുക്കന്മാരിലൂടെ കൈമാറി വരേണ്ടിയിരുന്ന ഈ വിദ്യ വേണ്ട രീതിയിൽ കൈമാറ്റം ചെയ്യപ്പെട്ടില്ല. ഈ വിദ്യ സിദ്ധിച്ചവരാകട്ടെ ഇതു പരിപോഷിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഇതിനു മറ്റൊരു ചരിത്രപരമായ കാരണംകൂടിയുണ്ട്. 1800ൽ കേരളവർമ്മ പഴശ്ശി രാജാവുമായുള്ള യുദ്ധ സമയത്തു ബ്രിട്ടീഷുകാർക്ക് ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തിയതു കളരി പരിശീലിച്ചവരായിരുന്നു. അതുകൊണ്ടു ബ്രിട്ടീഷുകാർ കളരി പരിശീലനം നിരോധിച്ചു. പിന്നീടു സ്വതന്ത്ര ഭാരതത്തിൽ എത്തു മ്പോഴേക്കും കളരിയിലെ പലതും നഷ്ടപ്പെട്ടിരുന്നു. പുതിയ ഭരണ കർത്താക്കൾ ഈ വിദ്യ പരിപോഷിപ്പിക്കാൻ കാര്യമായ ഒരു ഇട പെടലും നടത്തിയില്ല.
ശരീരത്തെ മൊത്തം നിയന്ത്രിക്കുന്നതു നാഡീവ്യൂഹങ്ങളാണ്. ഇത് ഒരു ആന്തരിക വിവര സാങ്കേതികവിദ്യയാണ്. സൂചനകളെ സ്വീകരിക്കുന്നതും തീരുമാനിക്കുന്നതും കേന്ദ്ര നാഡീവ്യൂഹവും അതു പ്രാവർത്തികമാക്കുന്നത് പെരിഫ്രൽ നാഡീവ്യൂഹവുമാണ്. ഓട്ടോമാറ്റിക് നാഡീ സിസ്റ്റമാണ് ശരീരത്തിലെ നിരന്തര പ്രക്രിയകളായ ശ്വാസോച്ഛാസം, ഹൃദയസ്പന്ദനം തുടങ്ങിയവ നിയന്ത്രിക്കുന്നത്. സ്ഥലകാല സമയ ചുറ്റുപാടുകൾക്ക് അനുസൃതമായി ഈ വ്യവസ്ഥയ്ക്കു വ്യതിയാനം സംഭവിക്കാം. അതിലുപരിയായി സംഭവിക്കുന്ന വ്യതിയാനങ്ങളാണു ശരീരത്തിൽ രോഗങ്ങളായി പരിണമിക്കുന്നത്.
നാഡീവ്യൂഹത്തിലുണ്ടാകുന്ന തകരാറുകളാണു മാറാരോഗങ്ങൾക്കു കാരണം. നാഡികൾക്ക് ഉണ്ടാകുന്ന തകരാറുകൾ മൂലം തലച്ചോറിലേക്കു ശരിയായ രീതിയിലുള്ള സന്ദേശങ്ങൾ എത്തിക്കാൻ നാഡീവ്യൂഹത്തിനു സാധിക്കാതെ വരും. പലപ്പോഴും തെറ്റായ വിവരങ്ങളായിരിക്കും തലച്ചോറിൽ എത്തുക. അസുഖങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ജീവശരീരത്തിലുണ്ടെങ്കിലും നാഡീവ്യൂഹത്തിന് ഉണ്ടാകുന്ന തകരാറുകൾ മൂലം പ്രതിരോധ നടപടി തടസ്സപ്പെടുന്നു. ഇതുകൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണു വേദനയായി പരിണമിക്കുന്നത്. വേദന ഒരു അസുഖമല്ല. ശരീരത്തിൽ ക്ഷതം ഉണ്ടെന്ന സൂചന മാത്രമാണ്.
അസുഖ കാരണമായ ക്ഷതം എവിടെയാണെന്നു കണ്ടത്തുകയാണു നാഡീചികിത്സയിൽ പരമ പ്രധാനം. തകരാറുള്ള ഭാഗം ഉഴിച്ചിലിലൂടെയാണു ശരിയാക്കുക. തകരാറുകൾ നിവാരണം ചെയ്യുന്നതോടൊപ്പം കേന്ദ്ര നാഡീവ്യൂഹത്തിൻ്റെ കൂടുതൽ ശ്രദ്ധ പതിയാനായി ഇവിടെ മർദനക്രിയ ചെയ്യും. ഇതിലൂടെ ക്ഷതത്തെപ്പറ്റിയുള്ള വിവരം തലച്ചോറിൽ എത്തുകയും രോഗത്തെ പ്രതിരോ ധിക്കാൻ തലച്ചോർ ശരീരത്തെ സജ്ജമാക്കുകയും ചെയ്യും. രോഗത്തിന്റെ പഴക്കവും യാഥാർഥ്യവും മനസ്സിലാക്കിയതിനു ശേഷമാണു ചികിത്സ തുടങ്ങുക. ഭക്ഷണ ക്രമീകരണവും ചിട്ടയായ ജീവിതചര്യയുമാണ് ഈ ചികിത്സയ്ക്കു വേണ്ടുന്ന പഥ്യം.
കെപിസിസി പ്രസിഡണ്ട് അല്ലം വീരഭദ്രപ്പ, മന്ത്രി ഡികെ ശിവകുമാർ തുടങ്ങിയ നേതാക്കളെ അലട്ടിയിരുന്ന ബുദ്ധിമുട്ടുകൾ ഭേദപ്പെടുത്തിയതോടെയാണ് എന്നെത്തേടി പ്രമുഖർ എത്താൻ തുടങ്ങിയത്. 2003 ഏപ്രിൽ 12നു ഡെക്കാൻ ഹെറാൾഡ് പത്രത്തിൽ ലേഖനം വന്നതോടെയാണ് അൽട്ടിമേറ്റ് ഫിറ്റ്നസ് സെന്റർ ശ്രദ്ധേയമായത്. എഡിറ്റോറിയൽ ചീഫ് ചന്ദ്രബോസിൻ്റെ നിർദേശ പ്രകാരം ലിബിനി ജോയ് ആണ് ഈ ആർട്ടിക്കിൾ എഴുതിയത്. ഇതോടെ നൂറുകണക്കിന് ആളുകൾ എന്നെ തേടിയെത്തി. പിന്നീടുള്ള മാസങ്ങൾ വിശ്രമമില്ലാത്തതായിരുന്നു. ഈ അവസരത്തിൽ കഴുത്തു വേദനയുമായി വന്ന ശാന്തിനഗറിലെ ദീപകിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ ഡബിൾ റോഡിൽ അൽട്ടിമേറ്റ് ഫിറ്റ്നെസ് സെന്റർ തുടങ്ങിയത്. യശ്വന്തപുരത്തെ ഓഫീസിനു ശേഷം എംഎൽഎ ഭവനിലും വീട്ടിൽ വെച്ചുമാണു ഞാൻ ഉഴിച്ചിൽ നടത്തിയത്. ഹേമലത ബസവരാജും മകൾ ശില്പയുമാണു നഞ്ചപ്പ മെൻഷന്റെ ഉടമസ്ഥർ.
ദീപക്കും അദ്ദേഹത്തിൻ്റെ മാതാപിതാക്കളുമാണു ബാംഗ്ലൂരിലെ പ്രശസ്തമായ രാജരാജേശ്വരി ക്ഷേത്രത്തിലെ ശ്രീ തിരുച്ചി സ്വാമികളുടെ അടുത്ത് എന്നെ എത്തിച്ചത്. അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാണ്. ശ്രീ തിരുച്ചി സ്വാമികളെ കാലങ്ങളായി അലട്ടിയിരുന്ന പുറംവേദന മാറ്റിയതോടെ അദ്ദേഹം മല്യാ ഹോസ്പിറ്റലിൻ്റെ ഡയറക്ടറായ കെ എം ശ്രീനിവാസ മൂർത്തിയെ എൻ്റെ അടുത്ത് പറഞ്ഞയച്ചു. വൈറ്റ് ഫീൽഡിലെ പ്രശസ്തമായ വൈദേഹി മെഡിക്കൽ കോളേജിന്റെയും ബാംഗ്ലൂരിലെ മല്യാ ഹോസ്പിറ്റലിൻ്റെയും ഉടമയായ ആദികേശവുലു എംപിയുടെ അനന്തരവനാണ് ശ്രീനിവാസ മൂർത്തി. അദ്ദേഹത്തിന്റെ സഹോദരീപുത്രി അമ്മു എന്ന വൈദേഹിയുടെ ചികിത്സയോടെ അൽട്ടിമേറ്റ് ഫിറ്റ്നെസ് സെന്ററിനു ബാംഗ്ലൂരിലെ പ്രമുഖരുടെ ഇടയിൽ പ്രചാരമേറി. ഇതിനു ശേഷം ആദികേശുവുലു എംപിയും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ബന്ധുക്കളും എൻ്റെ അടുത്തു വന്നിരുന്നു. ഇന്ത്യയിലെ പ്രമുഖരായ പലരെയും അദ്ദേഹം എന്റെയടുത്തേക്ക് അയച്ചു.
ശ്രീനിവാസ മൂർത്തിയാണു കന്നഡ സൂപ്പർസ്റ്റാർ സാഹസസിംഹ ഡോ. വിഷ്ണു വർധനെയും കലിയുഗ കർണ്ണൻ റബൽ സ്റ്റാർ അംബരീഷിനെയും മുൻ പ്രധാനമന്ത്രി ദേവ ഗൗഡയെയും എന്റെ അടുത്തു കൊണ്ടുവന്നത്. ഇതോടെ അൽട്ടിമേറ്റ് ഫിറ്റ്നസ് സെന്ററിന്റെ പ്രശസ്തി ഏറെ വർധിച്ചു. 2003ൽ കർണാടക സർക്കാറിന്റെ ടൂറിസ്റ്റ് മാപ്പിൽ ഇതര ചികിത്സാ വിഭാഗത്തിൽ ബാംഗ്ലൂർ അൽട്ടിമേറ്റ് ഫിറ്റ്നസ് സെൻ്റർ സ്ഥാനംപിടിച്ചു. ടൂറിസം കമ്മീഷണറായിരുന്ന മഹീന്ദ്ര ജയിൻ ഐഎഎസിനെയും ഞാൻ ചികിത്സിച്ചിരുന്നു. 2004ൽ ഡോ. വിഷ്ണു വർധൻ അൽട്ടിമേറ്റ് ഫിറ്റനസ് സെന്ററിന്റെ മുഖ്യ ഉപദേഷ്ടാവായി.
ഡോ. ഭാസ്കർ ഐഎഎസ്, ശങ്കർ ലിംഗഗൗഡ ഐഎ എസ്, ശിവകുമാർ ഐഎഎസ്, ശിവറാം ഐഎഎസ്, മിസ്സ്സ് വാണി ശിവറാം, രാംപ്രകാശ്, ഫിലിം സ്റ്റാർ ശിവറാം, അനിരുദ്ധ്, ഗുരുപ്രസാദ്, കൃഷ്ണ കുമാർ, കൃഷ്ണ ഐഎഎസ്, ശ്രീനിവാസൻ എംഎൽസി, ഡോ. വിശ്വനാഥ് ഐഎഎസ്, കരാട്ടേ മാസ്റ്റർ രാക്കും, സിദ്ധയ്യ ഐഎഎസ്, വീണാശങ്കർ, വെങ്കിടേഷ് ഐപിഎസ്, മോഹൻ കുമാർ കൊണ്ടജി എംഎൽസി, മഞ്ചുനാഥ് ഭണ്ഡാരി എംഎൽസി, രാധാകൃഷ്ണൻ, യു വി വെങ്കേഷ് എംഎൽസി, ബദ്രിനാഥ്, അലങ്കാർ സവായി, തനിഗെ, സന്തോഷ് പൂജാരി, ഉദയ ഗരുഡാചാർ എംഎൽഎ, അജയ്സിംഗ് എംഎൽഎ, സത്യപ്രഭ എംഎൽഎ, ഡോ തേജസ്വിനി, ദൊഡ്ഡ നാഗയ്യ, കൽപ്പജ, രഞ്ചി തോമസ്, പ്രകാശ് ജോഷി, വിഷ്ണുനാഥ് എംഎൽഎ, ബൈരാതി സുരേഷ് എംഎൽഎ, ശ്രീനിവാസ് എംഎൽഎ, ഹോട്ടൽ വ്യവസായി അഡിക, അനിൽ ലാല, ചന്ദ്രശേഖർ, ബ്രഹ്മദത്ത് ഐഎഎസ്, കൃഷ്ണപ്പ എംഎൽഎ, ഡിജിപിയായിരുന്ന രവീന്ദ്ര ഐപിഎസ്, എ ആർ ഇൻഫെൻ്റ് ഐപിഎസ്, ഓം പ്രകാശ് ഐപിഎസ്, കേന്ദ്രമന്ത്രിയായിരുന്ന ഓസ്കാർ ഫെർണാണ്ടസ്, മന്ത്രിമാരായിരുന്ന നരേന്ദ്ര സ്വാമി, ചെൽവരായ സ്വാമി, ബി എൽ ശങ്കർ എംഎൽസി, രേവണ്ണ എംഎൽസി, മഞ്ജുനാഥ് ഐഎഎസ്, രാമചന്ദ്ര റാവു ഐപിഎസ്, മന്ത്രി എസ് ടി സോമശേഖർ, ആന്ധ്രപ്രദേശിലെ ചെയർമാന്മാരായ ബുള്ളറ്റ് സുരേഷ്, വിജാനാന്ദ റെഡ്ഡി തുടങ്ങി ആയിരത്തിൽപ്പരം ആൾക്കാരെ നിരന്തരമായി അലട്ടിയിരുന്ന വേദന മറ്റാൻ എനിക്കു കഴിഞ്ഞു.
ഗവർണർ ശങ്കര നാരായണനെ നാഗാലാൻ്റ് രാജ്ഭവനിൽ വച്ചാണ് ചികിത്സിച്ചത്. എഐസിസി സെക്രട്ടറിയും സുപ്രീം കോർട്ട് അഡ്വക്കേറ്റുമായ രഞ്ചി തോമസ്സാണ് എന്നെ നാഗാലാന്റിലെത്തിച്ചത്. തിരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് അദ്ദേഹം മാസങ്ങളോളം നാഗാലാൻറിലുണ്ടായിരുന്നു. ഇവിടെ വെച്ചാണു കൊടുംതണുപ്പിൻ്റെ തീവ്രത മനസ്സിലായത്.
ഡൽഹി, ഹൈദ്രബാദ് എയർപോർട്ട് ഉടമ ജിഎംആർ, മിസിസ് വരലക്ഷ്മി ജിഎംആർ, ബിസിനസ് സാമ്രാട്ട് അസീം പ്രേംജി, അപ്പോളോ ഹോസ്പിറ്റൽ ഉടമ പ്രദീപ് റെഡ്ഡി, വൈദേഹി മെഡിക്കൽ കോളേജിൻ്റെ ഉടമ കൽപ്പജ തുടങ്ങിയവരെ നിരന്തരമായി അലട്ടിയിരുന്ന വേദന മാറ്റാൻ എനിക്കു കഴിഞ്ഞു. ജിഎംആർ പുനർനിർമിച്ച ഹൈദരാബാദ് രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോട്ട് 2008 മാർച്ച് 14നാണു സോണിയാജി ഉദ്ഘാടനം ചെയ്തത്. ജിഎംആർ നവീകരിച്ച ഡൽഹി ഇന്ദിരാഗാന്ധി ഇന്റർ നാഷണൽ എയർപോട്ട് 2010ൽ ജൂലായ് 3നാണ് ഉദ്ഘാടനം ചെയ്തത്. ജിഎംആറിൻ്റെയും കുടുംബത്തിൻ്റെയും ഒപ്പമാണ് 2016ൽ ഉത്തർ പ്രദേശിലെ അലഹബാദിലുള്ള ത്രിവേണി സംഗമത്തിൽ പങ്കെടുത്തത്. ഗംഗ, യമുന സരസ്വതി നദികളുടെ സംഗമമാണിത് എന്നാണു വിശ്വാസം. സംഗമസ്ഥാനത്തു നദികളിലെ വെള്ളം രണ്ടു നിറങ്ങളിലാണു കണ്ടത്.
കന്നഡിഗരുടെ കൺകണ്ട ദൈവമായ ഡോക്ടർ രാജ്കുമാറിന്റെ ഭാര്യ പാർവതാമ്മയുടെ പുറംവേദന ഭേദമാക്കിയതോടെ ഞാൻ ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായി. ആദികേശവുലു എം പിയുടെ നിർബന്ധപ്രകാരമാണ് ഇവർ എന്റെ അടുത്തു വന്നത്. സന്തോഷവതിയായ പാർവതാമ്മ എന്നെ കുടുംബസമേതം വീട്ടിലേക്കു ക്ഷണിച്ചു. അവിടെവെച്ചു ഡോ. രാജ്കു മാറിൻ്റെ ഹൃദ്യമായ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞു. ഭാര്യയുടെ അസുഖം ഭേദമാക്കിയതിൽ നന്ദി അറിയിച്ചതും ചിരകാല പരിചിതരെപ്പോലെ എൻ്റെ ഭാര്യയോടും മക്കളോടുമുള്ള അദ്ദേഹത്തിൻ്റെ പെരുമാറ്റ രീതിയും ഏറെ വിനയ പുരസ്സരമായിരുന്നു. വളരെ കുലീനതയോടെ പെരുമാറിയിരുന്ന അദ്ദേഹം എളിമയുടെ ആൾരൂപമാണ്. കന്നഡ സിനിമാ താരങ്ങളായ പുനീത് രാജ്കുമാർ, രാഘവേന്ദ്ര രാജ്കുമാർ എന്നിവരുമായുള്ള സൗഹൃദം പുതുക്കാനും ഈ സന്ദർശനം നിമിത്തമായി.
പിന്നീടു ഡോക്ട്ടർ രാജ്കുമാറിനുണ്ടായ ശരീരവേദന മാറ്റാൻ പാർവതാമ്മ എന്നെ വീട്ടിലേക്കു വിളിപ്പിച്ചു. കന്നഡ താരരാജാവായിരുന്ന അദ്ദേഹത്തെ പരിചരിക്കാനും അടുത്തിടപഴകാനും കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ സുപ്രധാന സംഭവമാണ്. 2006 ഏപ്രിൽ 12നായിരുന്നു അദ്ദേഹത്തിൻറെ അപ്രതീക്ഷിത മരണം. കന്നഡിഗരെ ഒന്നടങ്കം തീരാദുഃഖത്തിലാഴ്ത്തിയ ഡോക്ട്ടർ രാജ്കുമാറിന്റെ മരണവും അനുബന്ധ സംഭവങ്ങളും ഏഷ്യാനെറ്റിനു വേണ്ടി റിപ്പോർട്ട് ചെയ്തതു ഞാനാണ്.
2017 മെയ് 31നാണു പാർവതാമ്മ നിര്യാതയായത്. 2018 നവംബർ 24നാണു കന്നഡ സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി അംബരീഷ് വിടപറഞ്ഞത്. 2021 ഒക്ടോബർ 29നാണ് രാജ്കുമാറിന്റെ രണ്ടാമത്തെ മകൻ പവർസ്റ്റാർ പുനീത് രാജ്കുമാറിന്റെ ആകസ്മിക വേർപാട്. ഡോക്ടർ രാജ്കുമാറിന്റെയും അംബരീഷിന്റെയും പുനീത് രാജ്കുമാറിന്റെയും സ്മൃതിമണ്ഡപം ബംഗ്ളൂരുവിൽ നന്ദിനി ലേഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോവിലാണ്. ഇതൊരു പുണ്യസ്ഥലമായാണ് ആളുകൾ കാണുന്നത്.
ഡോ. വിഷ്ണുവർധനനാണു മൈസൂർ രാജകുടുംബത്തിലെ മഹാരാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാറെ എന്റെ അടുത്തുവരാൻ പ്രേരിപ്പിച്ചത്. മഹാരാജാവിൻ്റെ കഴുത്തു വേദന ഞാൻ ഭേദമാക്കിയിരുന്നു. മഹാരാജാവിനെ പരിചരിക്കാൻ കഴിഞ്ഞതു മുജ്ജന്മ സുകൃതം മാത്രമാണ്. പിന്നീടു നിരവധി തവണ ബാംഗ്ളൂർ പാലസിൽ പോയിട്ടുണ്ട്. കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ വിഹരിക്കാനും മഹാരാജാക്കന്മാരുടെ ആയോധന പ്രാവീണ്യം വിളിച്ചോതുന്ന ആൽബങ്ങളും ചരിത്രത്തിന്റെ ഭാഗമായ നിരവധി വസ്ത്രങ്ങളും ശിൽപങ്ങളും കാണാനും കഴിഞ്ഞു.
അദ്ദേഹം കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായിരിക്കുമ്പോൾ നടന്ന നിരവധി ടൂർണമെൻ്റുകളുടെ പാസുകൾ തന്നിരുന്നു. ആ പാസുകളിൽ സ്റ്റേഡിയത്തിൽ കുടുംബത്തോടൊപ്പം പോകുന്നതു വളരെ അഭിമാനമായിരുന്നു. 2013 ഡിസംബർ 10നാണു ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാർ ഇഹലോകവാസം വെടിഞ്ഞത്.
ഉപമുഖ്യമന്ത്രി ഡോ പരമേശ്വര, കേന്ദ്രമന്ത്രി ശോഭാ കരന്തലാജെ, ദിനേഷ് ഗുണ്ടുറാവു എന്നിവരെയും ചികിത്സിച്ചിട്ടുണ്ട്. അവരെ അലട്ടിയിരുന്ന വേദന മാറ്റാനും വ്യായാമം ചെയ്യിപ്പിക്കാനും കഴിഞ്ഞു. മല്ലികാർജുന ഖാർഗെ എംപി, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ പരിചരിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. 2021ൽ കർണാടക മുഖ്യമന്ത്രി ബസവരാജ് സോമപ്പ ബൊമ്മയെ പരിചരിക്കാനും എനിക്ക് അവസരം ലഭിച്ചു.
2005 ജനുവരിയിലാണു ശ്രീതിരുച്ചി സ്വാമികളെ അസുഖം മൂർച്ഛിച്ച് മല്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസാന നിമിഷംവരെ കൂടെ നിൽക്കാൻ എനിക്കു ഭാഗ്യം സിദ്ധിച്ചു. ദൈവത്തിൻ്റെ പ്രതിപുരുഷനായി അദ്ദേഹം എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുകയാണ്. 2005 ജനവരി 14നു 76-ാം വയസ്സിലാണ് ആ മഹാപുരുഷൻ സമാധിയായത്. സ്വാമി ജയേന്ദ്രപുരിയാണു രാജരാജേശ്വരി ക്ഷേത്രത്തിന്റെ മഠാധിപതി. തിരുച്ചി സ്വാമികളുടെ ഉപദേശപ്രകാരം കളരി ചികിത്സ ജീവനോപാധിയാക്കിയ എനിക്ക് ആദികേശവുലു, മഹാരാജാവ് വോഡയാർ, ഡോ. വിഷ്ണുവർധൻ, അംബരീഷ്, ഡോ. രാജ്കുമാർ തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണയാണു ലഭിച്ചത്. ഇവരുടെയൊക്കെ വേർപാട് എൻ്റെ സ്വകാര്യ ദുഃഖവും നഷ്ടവുമാണ്.
വക്കീൽപ്പണിയോ ചികിത്സയോ ഇതിൽ ഏതാണു പ്രധാനമായി എടുക്കേണ്ടത് എന്നുള്ള ആശയക്കുഴപ്പം എനിക്കുണ്ടായിരുന്നു. വക്കീൽരംഗത്തു കഴിവുള്ളവർ ആയിരം പേരുണ്ടാവും. എന്നാൽ, ഒരാളുടെ വേദന മാറ്റാൻ നിനക്കു മാത്രമേ കഴിയുവെന്ന തിരുച്ചി സ്വാമികളുടെ ഉപദേശമാണ് എന്നെ നയിക്കുന്നത്. പണമില്ലാതെയും പണത്തിനുവേണ്ടിയും ചികിത്സ ചെയ്യരുത് എന്ന കണാരി ഗുരുക്കളുടെ ഉപദേശവും പലപ്പോഴും എനിക്കു വലിയൊരു പ്രശ്നമാണ്. ഇതിന്റെ ശരിയായ അർഥം മനസ്സിലാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. എന്നാലും ജോലിയും സേവനവും ഇവ രണ്ടും ഒരു സമസ്യയായി എന്നിൽ കിടപ്പുണ്ട്.
നിരവധി തവണ ഞാൻ ദുബായിൽ പോയിട്ടുണ്ട്. ദിനേഷ്, പ്രഭു, ശ്യാമള, ശേഖർ, ശ്രീകുമാർ, സമീറ, അറബികൾ എന്നിവരെ ഇവിടെ പരിചരിച്ചിരുന്നു. ഒഴിവു സമയങ്ങളിൽ നാട്ടിലെ പരിചയക്കാരെ തേടിയിറങ്ങും. കൊളവല്ലൂരിലെ ദീലിപ് എന്ന മണിച്ചൻ, ഭാര്യ ശ്രീലങ്കക്കാരി സീന, മക്കൾ, മൊട്ടത്ത് പ്രകാശൻ, അനുജൻ പ്രദീപ്, കിഴക്കയിൻ്റവിടെ രാജൻ, കുന്നോത്തുപറമ്പിലെ ടൈലർ താമരക്കണ്ണൻ, തണ്ട്യൻ രാജൻ, പടിഞ്ഞാറയിൽ മുരളി, നിടുന്താണിയത്ത് നളിനൻ തുടങ്ങിയവരെ കാണാറുണ്ട്.
ഞാൻ കുടുംബത്തോടൊപ്പം ദുബായ്, ന്യൂഡൽഹി, ആഗ്ര, ഹൈദരാബാദ്, ജയ്പൂർ, ഉദയ്പൂർ, കാശ്മീർ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. രാജൻ ജേക്കബ്, ഐസക്, ബിജു, ജേക്കബ് ജോൺ, വിജയൻ തുടങ്ങിയ 20ഓളം ബാംഗ്ലൂർ മലയാളികളോടൊപ്പം നടത്തിയ മലേഷ്യ-സിംഗപ്പൂർ യാത്രയും വളരെ രസകരമായിരുന്നു. എൻ്റെ ഓഫീസ് ബിൽഡിങ്ങിലെ സുന്ദർ, നീലമ്മ, സജിത്ത്, മോഹൻ, ലോകേഷ്, നവീൻ, കാങ്ങോസെർവ് പ്രിന്റ്റിങ്ങ് പ്രസ് ഉടമ ബസവരാജ് എന്നിവരാണു സഹായികൾ.
കേരളത്തിലെ എം ജി യൂണിവേഴ്സിറ്റിയിൽ നിന്നാണു ഡിപ്ലോമ ഇൻ നാച്ചുറോപ്പതി & യോഗ തെറാപ്പി കരസ്ഥമാക്കിയത്. എൻ സി വി ടി ഗവൺമെൻ്റ് ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കേഷൻ സീനിയർ നാച്ചുറോ തെറാപ്പിസ്റ്റും മിനിസ്ട്രി ഓഫ് എച്ച്ആർഡി ഗവൺമെൻ്റ് ഓഫ് ഇന്ത്യ നടത്തിയ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ നാച്ചുറോപ്പതി ആൻഡ് അലൈഡ് തെറാപ്പീസും പഠിച്ചിട്ടുണ്ട്. കൂടാതെ ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസി, മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ നാച്ചുറോപ്പതി & അനുബന്ധ തെറാപ്പിയും പഠിച്ചു.
ഗവൺമെന്റ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപ്പതി അസോസിയേഷൻ (ഗിസ്സ്ന) കേരളത്തിൽ സജീവമാണ്. ഡോ. വിമൽകുമാർ, ഡോ. ഇഖ്ബാൽ, ഡോ. സന്തോഷ്, ഉമ്മർ ഗുരുക്കൾ, സജീവ് പഞ്ച കൈലാശി, ഡോ. മൃണാളിനി, അബ്ദുൽ സലാം ഗുരുക്കൾ, റഷീദ് കോഴിക്കോട്, വി സി സുരേഷ്, അബ്ദുൾ സമദ്, പി പി ഷഫീഖ്, ഹുമയൂൺ കബീർ, നിസാർ മുപ്പത്തടം, കെ ജുനൈന, അബ്ദുൽ സലാം, ഹാരിസ് കോട്ടക്കൽ, വിനയകുമാർ, സി ടി മുഹമ്മദ് കോഴിക്കോട്, മുഹമ്മദ് ഷാജി, വഹ്ഷാദ്, ഷീബ തമ്പി, മുഹമ്മദ് അലി, മുരളീധരൻ എന്നിവരാണ് ഇതിന്റെ പ്രധാന പ്രവർത്തകർ. നാച്ചുറോപ്പതി ചികിത്സകർക്കു ഗവൺമെന്റിൽനിന്ന് അംഗീകാരവും അവകാശങ്ങളും നേടിയെടുക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണിവർ▪️
അടുത്ത അധ്യായം ▶ സിനിമാ ലോകം
മുന് അധ്യായങ്ങള് ഇവിടെ വായിക്കാം :
◼️അധ്യായം 1: പുഴമാത്രം മാറിയില്ല
◼️അധ്യായം 2: ഓര്മ്മയില് ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: പൊലോളി
◼️അധ്യായം 16: വിനോദ യാത്ര
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24: ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്സര്
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന് കാലം
◼️അധ്യായം 45: തലഛേദി
◼️അധ്യായം 46: രക്തപ്പൂക്കളം
◼️അധ്യായം 47: നിണമണിഞ്ഞ സരസ്വതീക്ഷേത്രം
◼️അധ്യായം 48: ബലിയാടായ ബാല്യങ്ങള്
◼️അധ്യായം 49: കൊലക്കത്തി തേടി സിബിഐ
◼️അധ്യായം 50: രാഷ്ട്രീയ വാടകക്കൊലകൾ
◼️അധ്യായം 51: പ്രണാമം
◼️അധ്യായം 52: രാജകാരണി
◼️അധ്യായം 53: രാഷ്ട്രമീമാംസ















