ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കലബുറഗി ജില്ലയിലെ നാല്വാർ സ്വദേശിനിയായ ശാന്തമ്മയാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 24-ന് ബച്ച്വാർ വനമേഖലയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ സുരേഷ് എസ്. (45) ബെംഗളൂരുവില് പിടിയിലായി.
വനമേഖലയിൽ പരിശോധന നടത്തുകയായിരുന്ന വനംവകുപ്പ് ജീവനക്കാരനാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. മൃതദേഹം ഗുരുതരമായി കത്തിക്കരിഞ്ഞിരുന്നതിനാൽ തുടക്കത്തിൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വസ്തുക്കൾ ശേഖരിച്ച് യാദ്ഗിർ പോലീസ് അന്വേഷണം ആരംഭിച്ചു.
മൃതശരീരത്തിനരികിൽനിന്ന് ലഭിച്ച ഒരു വളയാണ് അന്വേഷണത്തിൽ നിർണായകമായത്. വള ശാന്തമ്മയുടേതാണെന്ന് മകൻ ദേവേന്ദ്ര തിരിച്ചറിഞ്ഞതോടെ മൃതദേഹം സ്ഥിരീകരിക്കാൻ പോലീസിന് സാധിച്ചു. തുടർന്ന് കാണാതായവരെക്കുറിച്ചുള്ള പരാതികൾ പരിശോധിച്ചപ്പോൾ കലബുറഗി ജില്ലയിലെ വാഡി പോലീസ് സ്റ്റേഷനിൽ ശാന്തമ്മയെ കാണാതായതായി പരാതി നൽകിയിരുന്നതായി കണ്ടെത്തി.
ശാന്തമ്മയും സുരേഷും തമ്മിൽ ഏകദേശം നാലുവർഷമായി പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും ബന്ധത്തിലായിരുന്നുവെന്നും പോലീസ് പറയുന്നു. ഭർത്താവ് മരിച്ചശേഷം ശാന്തമ്മ വിവിധ ഉത്സവങ്ങളിലും പരിപാടികളിലും ദേവതയുടെ വിഗ്രഹവുമായി പോയി ഭിക്ഷയെടുത്താണ് ഉപജീവനം നടത്തിയിരുന്നത്. സുരേഷ് വിവാഹിതനും നാലു കുട്ടികളുടെ പിതാവുമാണെന്നാണ് റിപ്പോർട്ട്.
ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക തർക്കവും വിവാഹം കഴിക്കണമെന്ന ശാന്തമ്മയുടെ ആവശ്യവും കൊലപാതകത്തിന് കാരണമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏകദേശം ഒരു ലക്ഷം രൂപ സുരേഷിന് കടമായി നൽകിയിരുന്ന ശാന്തമ്മ, പണം തിരികെ നൽകണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി.
സെപ്റ്റംബർ 20-ന് സുരേഷ് ശാന്തമ്മയെ ഇരുചക്രവാഹനത്തിൽ കർണാടക–തെലങ്കാന അതിർത്തിക്കടുത്തുള്ള ജലാൽപുരിലേക്ക് കൊണ്ടുപോയെന്നാണ് പോലീസ് പറയുന്നത്. പിന്നീട് യാദ്ഗിർ റൂറൽ പോലീസ് സ്റ്റേഷനിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ബച്ച്വാർ വനമേഖലയിലെത്തിച്ചു. ഇരുവരും മദ്യപിച്ചതായും തുടർന്ന് ശാന്തമ്മ ബോധരഹിതയായപ്പോൾ സുരേഷ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇരുചക്രവാഹനത്തിൽനിന്നുള്ള പെട്രോൾ ഉപയോഗിച്ച് മൃതദേഹത്തിന് തീകൊളുത്തിയതായും പോലീസ് സംശയിക്കുന്നു.
ശാന്തമ്മയുടെ മൊബൈൽ ഫോൺ വിളിവിവരങ്ങൾ പരിശോധിച്ചപ്പോഴാണ് സുരേഷിനെക്കുറിച്ച് പോലീസിന് കൂടുതൽ സൂചനകൾ ലഭിച്ചത്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഇരുവരും തമ്മിൽ ഏകദേശം 500 തവണ ഫോൺവിളികൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. തുടർന്ന് ബെംഗളൂരുവിൽ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന സുരേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
ശാന്തമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കി യാദ്ഗിറിൽ മറ്റൊരാളുടെ സഹായത്തോടെ വിറ്റതായും പോലീസ് ആരോപിക്കുന്നു. ആഭരണങ്ങൾ എവിടെ, എപ്പോൾ വിറ്റുവെന്ന് കണ്ടെത്തുന്നതിനായി അന്വേഷണസംഘം പരിശോധന തുടരുകയാണ്. ശാന്തമ്മയുടെ മൊബൈൽ ഫോണും സുരേഷിന്റെ കൈവശത്തുനിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
SUMMARY: Incident where a charred body was found: Murdered woman identified; one person arrested.
















