ചെന്നൈ: മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി എസ് കര്ണന് (73) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ജൂഡീഷ്യറിയിലെ അഴിമതിക്കും ജാതിവിവേചനത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ ന്യായാധിപനായിരുന്നു.
1955 ജൂൺ 12ന് തമിഴ്നാട്ടിലെ കൂഡല്ലൂരിലെ കർനാതത്തിലാണ് ജസ്റ്റിസ് സി എസ് കർണന്റെ ജനനം. അച്ഛൻ അധ്യാപകനും അമ്മ ഗൃഹനാഥനുമായിരുന്നു. മദ്രാസ് ലോ സ്കൂളിൽ നിന്ന് 1983ലാണ് നിയമ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അഭിഭാഷകനായി പരിശീലനം നടത്തുകയും, 2009 മാർച്ചിൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനാകുകയും 2011 മാർച്ചിൽ സ്ഥിരം ജഡ്ജിയാകുകയും ചെയ്തു.
ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ത്തന്നെ പല റെക്കോഡുകളുണ്ട് ജസ്റ്റിസ് കര്‍ണന്റെ പേരില്‍. കോടതിയലക്ഷ്യക്കേസില്‍ ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തി കൂടിയാണ് ജസ്റ്റിസ് കര്ണന്. അഴിമതിക്കാരെന്നു വിശേഷിപ്പിച്ച് 20 സഹ ജഡ്ജിമാരുടെ പേരുകൾ പ്രഖ്യാപിക്കുകയും ഇവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി അടക്കമുള്ളവർക്കു കത്തെഴുതുകയും ചെയ്തതോടെയാണു ജസ്റ്റിസ് കർണനും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങുന്നത്.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണു ജസ്റ്റിസ് കർണൻ, സഹജഡ്ജിമാർക്കെതിരെ തിരിഞ്ഞത്. തുടർന്ന് സുപ്രീം കോടതി അദ്ദേഹത്തിനെതിരെ സ്വമേധയാ കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചു. 2017 മേയ് 9-ന് അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ച് അദ്ദേഹത്തിന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. ഒളിവിൽ പോയ ജസ്റ്റിസ് കർണൻ 2017 ജൂൺ 12-ന് സർവീസിൽ നിന്ന് വിരമിക്കുകയും, അതേ മാസം അവസാനം കോയമ്പത്തൂരിൽ നിന്ന് അറസ്റ്റിലാകുകയും ചെയ്തു. ശിക്ഷ പൂർത്തിയാക്കി 2017 ഡിസംബറിൽ ജയിലിൽ നിന്ന് മോചിതനായ അദ്ദേഹം, 2018 മേയിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ജഡ്ജിമാർക്കും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോകൾ പുറത്തുവിട്ടതിന് 2020 ഡിസംബറിൽ ചെന്നൈ പോലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. 2021 മാർച്ചിൽ വ്യവസ്ഥകളോടെ ജാമ്യം ലഭിക്കുകയും ചെയ്തു.
താൻ ദളിത് വിഭാഗത്തിൽപ്പെട്ട ആളായതിനാൽ സഹ ജഡ്ജിമാർ പീഡിപ്പിക്കുന്നുവെന്ന് 2011 നവംബറിൽ അദ്ദേഹം ആരോപിച്ചിരുന്നു. അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനെതിരെയും സമാനമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു.
SUMMARY: Justice C. S. Karnan passes away; a judge who spoke out against caste discrimination.















