കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. കെ രാധാകൃഷ്ണന്‍ എംപി, എ സി മൊയ്തീന്‍ എംഎല്‍എ, എം എം വര്‍ഗീസ് അടക്കം എട്ട് പ്രതികളാണ് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തത്. കേസില്‍ സിപിഎം 68ാം പ്രതിയാണ്.
എന്നാല്‍ സിപിഎമ്മിനായി ആരും ഇന്ന് കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ഈ മാസം 21ന് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി. ഇന്ന് ഹാജരാകാത്ത മറ്റ് 19 പ്രതികളും 21ന് ഹാജരാകണം. കരുവന്നൂര്‍ കള്ളപ്പണ കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് പിഎംഎല്‍എ കോടതി നേതാക്കള്‍ക്ക് സമന്‍സ് അയച്ചിരുന്നു.
പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം. കേസില്‍ എ സി മൊയ്തീന്‍ 67-ാം പ്രതിയും സിപിഎം 68-ാം പ്രതിയും എം എം വര്‍ഗീസ് 69-ാം പ്രതിയും കെ രാധാകൃഷ്ണന്‍ 70-ാം പ്രതിയുമാണ്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്ന് ഇ ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടിയുടേത് ഉള്‍പ്പടെ 128.82 കോടി രൂപയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
SUMMARY: Karuvannur Bank Fraud Case: Bail for CPIM Leaders
















