കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബർ അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്. അശ്വന്തിന്‍റെ തന്നെ സിനിമാ റിവ്യൂ ശൈലിയിലാണ് ട്രോള്‍. സിനിമയ്ക്ക് റേറ്റിങ് നല്‍കുന്ന രീതിയില്‍ തന്നെ റേറ്റിങ് 0/10 എന്നും സിനിമ വൻ പരാജയമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. “ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ” എന്ന തലക്കെട്ടോടെയാണ് കേരള പോലീസിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ട്രോള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.
ക്ലൈമാക്സ്: ഒന്നുകില്‍ ലോക്കപ്പ്, അല്ലെങ്കില്‍ ഹോസ്പിറ്റല്‍ എന്നും പ്രൊഡക്ഷൻ കോസ്റ്റ് : പിഴ, ആശുപത്രി ചിലവ് എന്നും കൊടുത്തിട്ടുണ്ട്. ഫസ്റ്റ് ഹാഫില്‍ ഫുള്‍ സ്പീഡ്, സെക്കൻഡ് ഹാഫില്‍ ഫൈനും കേസും എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റ് ഇങ്ങനെ…
ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ
കഥ : സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ.
ക്ലൈമാക്സ് : ഒന്നുകില്‍ ലോക്കപ്പ്, അല്ലെങ്കില്‍ ഹോസ്പിറ്റല്‍.
പ്രൊഡക്ഷൻ കോസ്റ്റ് : പിഴ, ആശുപത്രി ചിലവ്.
ആഡിയൻസ് റെസ്പോണ്‍സ് : വീട്ടുകാരുടെ കണ്ണീരും, നാട്ടുകാരുടെ ശാപവും.
നിയമ പ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപിച്ച് വാഹനമോടിക്കരുത്
ഫസ്റ്റ് ഹാഫില്‍ ഫുള്‍ സ്പീഡ്
സെക്കൻഡ് ഹാഫില്‍ ഫൈനും കേസും…
⭐ Rating: 0/10
❌ പടം വൻ പരാജയം!
മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാല്‍ ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കൂ.
“സിനിമ പാളിയാല്‍ അടുത്ത വെള്ളിയാഴ്ച വേറെ പടം വരും. ജീവിതം പാളിയാല്‍ അവിടെ തീരും എല്ലാം. ദയവായി മദ്യപിച്ച് വാഹനം ഓടിക്കരുത്.” എന്നും കമന്‍റായി പോലീസ് കുറിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയാണ് കോഴിക്കോട് എരിഞ്ഞിപ്പാലത്തിന് സമീപം മദ്യപിച്ച് വാഹനമോടിച്ച് കോക്ക് മറ്റ് ചില വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയത്. പിന്നീട് ഇയാളെ നാട്ടുകാർ പിടിച്ച് വച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് വൈദ്യ പരിശോധകള്‍ക്കും മറ്റും ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
SUMMARY: ‘Drink & Drive is an unnecessary thriller; the film is a massive flop’ – Kerala Police trolls Aswanth Kok
















