കൊച്ചി: ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു. ഇത്തവണ ശബരിമലയില്‍ ‘ഫ്രീ ഇഷ്യു’ വിഭാഗത്തില്‍ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ആകെ 50,000 ടിൻ അരവണമാത്രമേ സൗജന്യമായി നല്‍കുകയുള്ളു. ഇത്തവണത്തെ ഒക്ടോബർ 27-ന് ബോർഡെടുത്ത ഈ തീരുമാനം സ്റ്റാൻഡിങ് കൗണ്‍സല്‍ ഹൈക്കോടതിയെ അറിയിച്ചു.
സൗജന്യ അരവണ കൈപ്പറ്റുന്നവരുടെ പേരും മറ്റുവിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഇതിന് എക്സിക്യുട്ടീവ് ഓഫീസർക്ക് നിർദേശംനല്‍കി. ഓരോ വിതരണത്തിനും രേഖയും കണക്കും ഉറപ്പാക്കാനാണിത്. സൗജന്യ വിതരണത്തിന്റെ ഉത്തരവാദിത്വവും എക്സിക്യുട്ടീവ് ഓഫീസർക്കാണ്. അദ്ദേഹം നല്‍കുന്ന അപേക്ഷയോ സ്ലിപ്പോ ഹാജരാക്കാതെ ആർക്കും സൗജന്യ അരവണ നല്‍കില്ല.
‘ഫ്രീ ഇഷ്യു’ വിഭാഗത്തില്‍ അരവണയും അപ്പവും നല്‍കുന്നതിലും അതിന്റെ കണക്ക് സൂക്ഷിക്കുന്നതിലും ക്രമക്കേടുണ്ടെന്ന് ശബരിമല സ്പെഷ്യല്‍ കമ്മിഷണർ ആർ. ജയകൃഷ്ണൻ റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സൗജന്യ വിതരണം നിയന്ത്രിക്കാനും കൃത്യമായ രേഖയും നിരീക്ഷണവും ഉത്തരവാദിത്വവും ഉറപ്പാക്കാനും നടപടി വേണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു.
SUMMARY: klThe Devaswom Board has set a limit on the Aravana provided free of charge at Sabarimala
















