കോട്ടയം: പാലാ നഗരസഭ ചെയർപേഴ്സനെതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയം നല്‍കി. പ്രതിപക്ഷ കൗണ്‍സിലർമാർ ഒപ്പുവെച്ച അവിശ്വാസപ്രമേയം തദ്ദേശസ്വയംഭരണ വകുപ്പ് (LSGD) ജോയിന്റ് ഡയറക്ടർക്ക് കൈമാറി. ഭരണസ്തംഭനമാണ് അവിശ്വാസപ്രമേയത്തിന് കാരണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നഗരസഭയിലെ 12 പ്രതിപക്ഷ കൗണ്‍സിലർമാരും പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
അധികാരം പിടിക്കുകയല്ല ലക്ഷ്യമെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷമാകും തുടർനിലപാട് സ്വീകരിക്കുകയെന്നും പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു. സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ തേടി അധികാരത്തിലെത്താൻ ഉദ്ദേശിക്കുന്നില്ലെന്നും, അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവിശ്വാസപ്രമേയത്തിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ധാരണകളൊന്നുമില്ലെന്നും ബിജു പാലൂപ്പടവൻ വ്യക്തമാക്കി. അതേസമയം, പ്രമേയം ചർച്ചയ്ക്ക് വന്നാല്‍ കോണ്‍ഗ്രസ് കൗണ്‍സിലർമാർ അതിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന.
SUMMARY: LDF moves no-confidence motion against Pala Municipal Chairperson
















