കൊല്ലം: തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–രാമേശ്വരം അമൃത, തിരുവനന്തപുരം–മംഗളൂരു മാവേലി, തിരുവനന്തപുരം–മംഗളൂരു മലബാർ എക്സ്പ്രസുകൾക്ക് ആധുനിക എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി.
രാജ്യറാണി എക്സ്പ്രസിൽ ആദ്യഘട്ടത്തിൽ 15 എൽഎച്ച്ബി കോച്ചുകളാണ് വരിക. നിലമ്പൂർ റോഡിൽ പ്ലാറ്റ്‌ഫോം നീളം വർധിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ 22 കോച്ചുകളായി ഉയർത്തും. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ നിലവിൽ 18 ബോഗികൾ വരെ നിർത്താനുള്ള സൗകര്യമാണ് പ്ലാറ്റ്ഫോമിനുള്ളത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ഈ പ്ലാറ്റ്‌ഫോമിന്റെ നീളം 24 ബോഗികൾ നിർത്തിയിടാൻ പാകത്തിൽ നവീകരിച്ചു വരികയാണ്. രാജ്യറാണി ഒഴികെ ഈ റൂട്ടിൽ ഓടുന്ന ഏഴ് ട്രെയിനുകൾക്കും എൽഎച്ച്ബി കോച്ചുകളല്ല ഉപയോഗിക്കുന്നത്. അതെസമയം പ്ലാറ്റ്ഫോം നീളത്തിന്റെ പ്രശ്നമില്ലാത്ത അമൃത, മാവേലി, മലബാർ എക്സ്പ്രസുകളിൽ ഓരോ ട്രെയിനിനും 22 എൽഎച്ച്ബി കോച്ചുകൾ വീതം അനുവദിക്കും.
കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലയളവിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഈ ട്രെയിനുകളിലെ നിലവിലുള്ള കോച്ചുകളുടെ ശോചനീയാവസ്ഥയും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും കൊടിക്കുന്നിൽ സുരേഷ് എം.പി വിശദമായി അവതരിപ്പിച്ചിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ കോച്ചുകളോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 60 ദിവസത്തെ ടിക്കറ്റ് ബുക്കിംഗ് കാലയളവിനുള്ളിൽ പുതിയ കോച്ചുകൾ അനുവദിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയിരുന്നതായി കൊടിക്കുന്നിൽ പറഞ്ഞു. ആ ഇടപെടലിന്റെ തുടർനടപടിയായാണ് ഇപ്പോൾ റെയിൽവേ ബോർഡിന്റെ ഉത്തരവ് വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Maveli, Malabar, Rajyarani, and Amrita Express trains will now feature modern LHB coaches.
















