പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ അവ്യക്തത. ലൈംഗിക അതിക്രമത്തിന് പെണ്‍കുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റതിനും തെളിവില്ല. സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴിമാറ്റി. മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തവരെ അടക്കം വിട്ടയച്ചിരുന്നു.
സിഡബ്ല്യൂസി സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ബാലാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. വ്യക്തിവിരോധത്താല്‍ ആവാം പെണ്‍കുട്ടി സഹപാഠികള്‍ക്കെതിരേ ആരോപണം ഉന്നയിച്ചതെന്നാണ് പോലിസിന്റെ നിഗമനം. സ്‌കൂളിലെ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ഥിനി പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത്.
സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലിസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.
പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പെണ്‍കുട്ടി പറയുന്നതായി പോലിസ്. 13കാരിയില്‍ നിന്ന് വീണ്ടും വിശദമായി മൊഴിയെടുക്കും. കേസില്‍ സമഗ്രമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലിസ്. പെണ്‍കുട്ടി ചൈല്‍ഡ് ലൈന് മൊഴി നല്‍കാന്‍ ഇടയായ സാഹചര്യം പോലിസ് പരിശോധിക്കും. പെണ്‍കുട്ടി നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലിസ്.
പെണ്‍കുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നല്‍കിയിട്ടുണ്ടോ എന്നതും പോലിസ് അന്വേഷിക്കും. പത്ത് പേരുടെ പേരുകളായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. ഈ പത്തു പേരെയും പോലിസ് കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി.
SUMMARY: Incident involving the abuse of a 13-year-old girl by classmates: Medical examination results indicate the girl was not subjected to sexual assault
















