ചെന്നൈ: തമിഴ്‌നാട്ടില്‍ വിപ്ലവകരമായ മാറ്റത്തിന് വിജയ് സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ആനുകൂല്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മൂന്നാം പ്രസവത്തിനും 365 ദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാന്‍ തീരുമാനിച്ചു. ആദ്യ 2 പ്രസവത്തിന് ലഭിക്കുന്ന ആനുകൂല്യം മൂന്നാമത്തെ പ്രസവത്തിനും ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
നേരത്തെ നിലനിന്നിരുന്ന നിയമപ്രകാരം, രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച (84 ദിവസം) മാത്രമാണ് പൂര്‍ണ ശമ്പളത്തോടു കൂടിയ അവധി അനുവദിച്ചിരുന്നത്. പുതിയ ഉത്തരവ് വരുന്നതോടെ ഇതിന് മാറ്റമുണ്ടാവും. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നയപരമായ തീരുമാനം. തമിഴ്നാട്ടിലെ മൊത്തം പ്രത്യുല്‍പ്പാദന നിരക്ക് (1.4) ദേശീയ ശരാശരിയായ 2.1-ല്‍ താഴെയാണ്. മുമ്പ് മൂന്നാമത്തെ കുട്ടിയെ പ്രസവിക്കുന്നവര്‍ക്കു ധനസഹായം നല്‍കുമെന്ന് വിജയ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ മാറ്റവും വരുന്നത്.
SUMMARY: One-year maternity leave for the third child; Tamil Nadu extends benefit to female government employees.
















