കൊല്ലം: കുളത്തൂപ്പുഴയില്‍ മരിച്ച അമ്മയുടെ മൃതദേഹം നാലു ദിവസം വീട്ടിനുള്ളില്‍ സൂക്ഷിച്ച് പൂജ നടത്തി മകൻ. കുളത്തൂപ്പുഴ ആർപിഎല്‍ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സില്‍ താമസിച്ചിരുന്ന ചിന്നത്താമ്പയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്നുദിവസത്തോളം രഹസ്യമായി മുറിക്കുള്ളില്‍ സൂക്ഷിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചിന്നത്താമ്പ മരിച്ചത്.
അമ്മ മരിച്ചവിവരം ആരെയും അറിയിക്കാതെ മൃതദേഹം വെള്ളത്തുണി ഉപയോഗിച്ച് മൂടുകയും ഭസ്മവും ചന്ദനവും ചാർത്തി വിളക്ക് കൊളുത്തി പൂജകള്‍ നടത്തുകയുമായിരുന്നു കൃഷ്ണസ്വാമി. മാനസിക വെല്ലുവിളി നേരിടുന്ന ഇയാള്‍ മറ്റാരെയും വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കാറില്ലായിരുന്നു.
മുമ്പ് ആരോഗ്യ പ്രവർത്തകരോ ആശാ വർക്കർമാരോ എത്തുമ്പോള്‍ പോലും അമ്മയെ താൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് കൃഷ്ണസ്വാമി അവരെ മടക്കി അയയ്ക്കാറായിരുന്നു പതിവ് എന്ന് നാട്ടുകാർ പറയുന്നു. അമ്മ മരിച്ചുവെന്ന് അംഗീകരിക്കാൻ കഴിയാത്തതിനാലാകാം ഇയാള്‍ ഇങ്ങനെ ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്നലെ വൈകീട്ടോടെ കൃഷ്ണസ്വാമിയുടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് ഈ വിവരം പുറംലോകം അറിയുന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൃഷ്ണസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
SUMMARY: Mother died four days ago; son performs rituals instead of burying the body
















