കൊച്ചി: വിവാദമായ മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കോടതിയില്‍ നിന്ന് തിരിച്ചടി. കേസിന്റെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതടക്കമുള്ള വിചാരണ നടപടികള്‍ സെപ്റ്റംബർ ഏഴിന് തന്നെ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.
വയനാട് മുട്ടില്‍ ഭാഗത്തുനിന്നും അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങള്‍, വനവകുപ്പിന്റെ പാസ് ഉണ്ടെന്ന് വ്യാജമായി കാണിച്ചുകൊണ്ട് എറണാകുളത്തെ ഒരു വ്യവസായിക്ക് മറിച്ചുവിറ്റ കേസാണിത്. കേസ് താല്‍ക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം വിചാരണക്കോടതിയായ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ തന്നെ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി നല്‍കിയ നിർദ്ദേശം.
തുടർന്ന് പ്രതികള്‍ ചോറ്റാനിക്കര കോടതിയില്‍ സമർപ്പിച്ച ഹർജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. അഗസ്റ്റിൻ സഹോദരങ്ങള്‍ ആരും തന്നെ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നില്ല. എന്നാല്‍, സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന ദിവസം കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നല്‍കി.
SUMMARY: Muttil tree-felling fraud case: Court setback for Augustine brothers; they must face trial















