ബെംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയിൽ 2027 ലെ സിവിൽ സർവ്വീസ് പരീക്ഷക്കു തയ്യാറെടുക്കുന്നവർക്കുള്ള മാർഗനിർദ്ദേശക പരിപാടി അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് കമ്മീഷണറുമായ പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് അധ്യക്ഷത വഹിച്ചു.
രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷക്ക് എങ്ങനെ അർപ്പണമനോഭാവത്തോടെ സമയബന്ധിതമായി പഠിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു. തുടർന്ന്
പ്രമുഖപരിശീലകൻ അബ്ദുൾ റസാഖ് ക്ലാസെടുത്തു. കേരള സമാജം കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, വനിതാവിഭാഗം അദ്ധ്യക്ഷ സുധാവിനേഷ്, കൈരളീ നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവർ സംബന്ധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ക്ലാസുകൾ മാർച്ച് 1 ന് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ വൈകിട്ട് ഏഴുമുതൽ ഒമ്പതുവരെ ഓൺലൈനായും വാരാന്ത്യങ്ങളിൽ ഇന്ദിരാനഗർ കൈരളീനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിൽ ഓഫ് ലൈനായുമാണ് ക്ലാസുകൾ. ആദ്യത്തെ രണ്ടു മാസം പത്രവായന, ഉത്തരങ്ങൾ എഴുതുവാനുള്ള കഴിവ്, ശരിയായ പഠനരീതികൾ എന്നിങ്ങനെ പരീക്ഷക്കു വേണ്ട തയ്യാറെടുപ്പുകൾക്ക് പരിശീലനം സൗജന്യമായി നൽകും . അതിനു ശേഷം തത്പരരായവർക്ക് പ്രിലിംസ്, മെയിൻ പരീക്ഷകൾക്കുള്ള 16 മാസത്തെ സമഗ്രമായ തുടർപരിശീലനം ചുരുങ്ങിയ ചെലവിൽ നൽകുന്നതായിരിക്കും. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദ്ധരാണ് പരിശീലനം നൽകുന്നത്.
പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 8431414491 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
SUMMARY: Orientation Class at Kerala Samajam IAS Academy
SUMMARY: Orientation Class at Kerala Samajam IAS Academy















