ഡല്‍ഹി: ഇന്ത്യ സന്ദർശനത്തിനെത്തിയ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിഖ് മാലിക്കിന് ആഗ്രയിലെ താജ്മഹല്‍ സന്ദർശിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്കി. എന്നാല്‍, ഡല്‍ഹിയിലെ പ്രശസ്തമായ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ സുരക്ഷാ ഏജൻസികളും വിദേശകാര്യ മന്ത്രാലയവും ചേർന്ന് തള്ളിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
താജ്മഹലിന് പുറമെ ഡല്‍ഹിയിലെ ഹുമയൂണ്‍സ് ടോംബ്, ദില്ലി ഹാട്ട് എന്നിവയുള്‍പ്പെടെ സുരക്ഷാ അനുമതി ലഭിച്ച മറ്റ് കേന്ദ്രങ്ങള്‍ മുസാദിഖ് മാലിക്കിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ പ്രതിനിധി സംഘം സന്ദർശിക്കും. നവംബർ 20 മുതല്‍ 22 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) പ്രഥമ ‘സിവിലൈസേഷണല്‍ ഡയലോഗ് ഫോറത്തില്‍’ പങ്കെടുക്കാനാണ് പാക് മന്ത്രി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
നേരത്തെ സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ രൂക്ഷമായ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള മാലിക്, ഡല്‍ഹിയില്‍ എത്തിയ ശേഷം തികച്ചും സൗഹാർദ്ദപരമായ പ്രതികരണമാണ് നടത്തിയത്. മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ഏതൊരു ശ്രമത്തിനും പാകിസ്ഥാൻ പൂർണ്ണ പിന്തുണ നല്‍കുമെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി.
“ഇനിയൊരിക്കലും പരാതികള്‍ക്ക് ഇടവരില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഇത്തരം സന്ദർശനങ്ങള്‍ തുടരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,” എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിരുകള്‍ ഭേദിക്കുന്ന സംസ്കാരങ്ങളെയും നാഗരികതയെയും കുറിച്ച് ചർച്ച ചെയ്യാനും ബഹുമുഖ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള മികച്ച അവസരമാണ് എസ്സിഒ (SCO) ഫോറമെന്നും മുസാദിഖ് മാലിക് കൂട്ടിച്ചേർത്തു.
SUMMARY: Pakistani Minister Musadik Malik granted permission to visit the Taj Mahal















