ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി മരിച്ചു. അണക്കര സ്വദേശി രാജനാണ് മരിച്ചത്. അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്ക് പരുക്കേറ്റു. കട്ടപ്പന നഗരത്തിന് സമീപമുള്ള പാറക്കടവില്‍ വെച്ചായിരുന്നു ആംബുലൻസ് അപകടത്തില്‍പ്പെട്ടത്. കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് രാജനെ അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
എന്നാല്‍ ശ്വാസംമുട്ടല്‍ രൂക്ഷമായതോടെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അണക്കരയില്‍ നിന്ന് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പാറക്കടവിന് സമീപമെത്തിയപ്പോള്‍ ആംബുലൻസിന്റെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകട സമയത്ത് രോഗിയും ഡ്രൈവറും ഉള്‍പ്പെടെ നാല് പേരാണ് ആംബുലൻസിനുള്ളില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ ഡ്രൈവറെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: Patient dies after ambulance overturns on the way to the hospital















