ബെംഗളൂരു: സംസ്ഥാന സര്‍ക്കാരിന്റെ പരസ്യത്തെച്ചൊല്ലി കര്‍ണാടക നിയമസഭയില്‍ വാക്കേറ്റവും പ്രതിഷേധവും. വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളായ ബിജെപി -ജനതാ ദൾ സെക്യുലർ അംഗങ്ങള്‍ സഭയില്‍ നിന്ന് വിട്ടിറങ്ങി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വികസിത ഭാരത് ഗ്യാരൻ്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ – ഗ്രാമിൻ (വിബി-ജി-റാം ജി)പദ്ധതിയെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമ തൊഴിലുറപ്പ് പദ്ധതി യെയും താരതമ്യം ചെയ്തുള്ള പരസ്യമാണ് വിവാദമായത്.
ഇത് സഭയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും ആർഡിപിആർ ഡിപാർട്ട് മെൻ്റിൽ നിന്നുള്ള ഇത്തരം പരസ്യം പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്ന പോലെയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്നാണ് ബിജെപി അംഗങ്ങള്‍ സഭ വിട്ടിറങ്ങിയത്.
പരസ്യത്തില്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെയും ബിജെപി അംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. ഗാന്ധിയുടെ പേരും ചിത്രവും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ആരോപണം.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ പരസ്യത്തെ ന്യായീകരിച്ചു. ഗ്രാമവികസന–പഞ്ചായത്തിരാജ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വിശദീകരിച്ചത്, പരസ്യം നിയമപരമായതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൊണ്ടുവന്ന മാറ്റങ്ങളെ പൊതുജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നുമാണ്. സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. പരസ്യം രാഷ്ട്രീയ പ്രചാരണമല്ലെന്നും ഗ്രാമീണ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാത്രമാണെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ വിഷയത്തില്‍ പ്രതിഷേധം തുടരുമെന്ന് ബിജെപി അറിയിച്ചു.
SUMMARY: Protest in Karnataka Assembly over government advertisement, opposition walks out of the house














