ഡല്‍ഹി: പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള പൊതുപരീക്ഷാ തട്ടിപ്പ് ഭേദഗതി ബില്‍, 2026 ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കും ബഹളത്തിനുമിടെയാണ് ബില്‍ സഭ പാസാക്കിയത്. ബില്‍ പാസാക്കിയതിന് തൊട്ടുപിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. രാജ്യസഭയും നടപടികള്‍ പൂർത്തിയാക്കി പിരിഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകള്‍, ചോദ്യപേപ്പർ ചോർച്ച, ആർ.എസ്.എസ് ഇടപെടല്‍, വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടികള്‍ തുടങ്ങിയ വിഷയങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കാണ് ബുധനാഴ്ച സഭ സാക്ഷ്യം വഹിച്ചത്. പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള ഭേദഗതി ബില്ലിലെ കടുപ്പിച്ച ശിക്ഷാ വ്യവസ്ഥകള്‍ ലോക്‌സഭയില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വിശദീകരിച്ചു.
വിവിധ മേഖലകളിലുള്ളവരുടെ നിർദ്ദേശങ്ങള്‍ പരിഗണിച്ചാണ് 2024-ലെ മുൻ നിയമത്തില്‍ നിർണായക മാറ്റങ്ങള്‍ വരുത്തി പുതിയ ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പുകാർ, സർവീസ് പ്രൊവൈഡർമാർ, സംഘടിത കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന മാഫിയകള്‍ എന്നിവർക്ക് അഞ്ചു കോടി മുതല്‍ 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍.
സർവീസ് പ്രൊവൈഡർമാർക്കുള്ള പിഴ തുക മുൻ നിയമത്തിലെ ഒരു കോടി രൂപയില്‍ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തി. മാനേജ്‌മെന്റ്, ഡയറക്ടർമാർ എന്നിവർക്കുള്ള പിഴയും തടവുശിക്ഷയ്ക്കൊപ്പം അഞ്ച് കോടി രൂപയായി വർധിപ്പിച്ചു. പൊതുവായ തട്ടിപ്പുകള്‍ക്ക് മുൻപുണ്ടായിരുന്ന 3 മുതല്‍ 5 വർഷം വരെയുള്ള തടവ് 5 മുതല്‍ 10 വർഷം വരെയാക്കി ഉയർത്തി.
ഇതിനുള്ള പിഴ 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷം രൂപയായും വർധിപ്പിച്ചു. തടവുശിക്ഷ 5 മുതല്‍ 10 വർഷം വരെയായും പിഴത്തുക ഒരു കോടിയില്‍ നിന്ന് അഞ്ച് കോടി രൂപയായും കടുപ്പിച്ചു. സംഘടിത കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്ക് കുറഞ്ഞ തടവുശിക്ഷ 5 വർഷത്തില്‍ നിന്ന് 7 വർഷമാക്കി ഉയർത്തി. പിഴത്തുക ഒരു കോടി രൂപയില്‍ നിന്ന് 10 കോടി രൂപയായി കുത്തനെ വർധിപ്പിക്കുകയും ചെയ്തു.
SUMMARY: Severe penalties for question paper leaks; Lok Sabha passes bill amending examination laws
















