ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ ബെംഗളൂരുവിലുൾപ്പെടെ സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസുകൾ തുടരുന്നതിനുള്ള നിയമപരമായ തടസ്സം നീങ്ങി. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്നലെ ഹർജി തള്ളിയത്.
2026 ജനുവരി 23-ന് കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ബൈക്ക് ടാക്സി സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിരുന്നു. മോട്ടോർസൈക്കിളുകൾക്ക് ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്യാനും കരാർ അടിസ്ഥാനത്തിലുള്ള യാത്രാസേവനങ്ങൾ നടത്തുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാനും ബന്ധപ്പെട്ട അധികാരികൾ അപേക്ഷകൾ പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ അഗ്രഗേറ്റർമാരും ബൈക്ക് ടാക്സി ഉടമകളുടെ സംഘടനകളും നൽകിയ അപ്പീലുകൾ പരിഗണിച്ചായിരുന്നു ഉത്തരവ്.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. യാത്രക്കാരുടെ സുരക്ഷ, ഇൻഷുറൻസ് പരിരക്ഷ, ആവശ്യമായ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം എന്നിവയാണ് സർക്കാർ പ്രധാനമായും ഉന്നയിച്ചത്. ബൈക്ക് ടാക്സികൾ ബെംഗളൂരുവിൽ അനുവദിക്കാനാകില്ലെന്ന നിലപാടും സർക്കാർ കോടതിയിൽ ആവർത്തിച്ചിരുന്നു. ഓട്ടോ, ടാക്സി ഡ്രൈവർ സംഘടനകളും ബൈക്ക് ടാക്സികൾക്ക് അനുമതി നൽകുന്നതിനെതിരെ വാദങ്ങളുന്നയിച്ചു.
എന്നാൽ ബൈക്ക് ടാക്സികൾ പൂർണമായി നിരോധിക്കുന്നതിനുപകരം കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രവർത്തിപ്പിക്കുന്നതാണ് ഉചിതമെന്ന് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ നിരീക്ഷിച്ചു. ജി.പി.എസ്. സംവിധാനമുള്ള ബൈക്ക് ടാക്സികൾ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രയോജനകരമാണെന്നും ഓട്ടോറിക്ഷകളെയും കാറുകളെയും അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബൈക്ക് ടാക്സികൾക്ക് അനുമതി നൽകുന്നതിലൂടെ ഏകദേശം 4.5 ലക്ഷം യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്നാണ് അഗ്രഗേറ്റർമാർ കോടതിയെ അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ 2004, 2024 വർഷങ്ങളിലെ വിജ്ഞാപനങ്ങളും അവർ വാദത്തിനായി ചൂണ്ടിക്കാട്ടി. മോട്ടോർസൈക്കിളുകൾ ടാക്സികളായി ഉപയോഗിക്കുന്നതിന് കേന്ദ്ര വിജ്ഞാപനങ്ങളിൽ വ്യവസ്ഥയുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
സുപ്രീംകോടതി സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിയതോടെ ബൈക്ക് ടാക്സികൾക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് നിലനിൽക്കും. എന്നാൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ, പെർമിറ്റ്, ഇൻഷുറൻസ്, മറ്റ് സുരക്ഷാ വ്യവസ്ഥകൾ എന്നിവ ബന്ധപ്പെട്ട അധികാരികൾ നിശ്ചയിക്കുന്ന നിയമാനുസൃത നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.
SUMMARY: The Supreme Court dismissed the Karnataka government’s plea and upheld the High Court order that lifted the ban on bike taxis.
















