ബെംഗളൂരു: നഗരത്തിലെ ദൊഡ്ഡനഗമംഗലയിൽ വീടിന്റെ മുറ്റത്ത് നിർത്തിയിരുന്ന ഇരുചക്രവാഹനങ്ങൾ അർധരാത്രിയിൽ തീപിടിച്ച് കത്തി നശിച്ചു. കേംബ്രിഡ്ജ് സ്കൂളിന് സമീപമുള്ള റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ശനിയാഴ്ച പുലർച്ചെ ഒന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. വാടകയ്ക്ക് താമസിക്കുന്നവർ പാർക്കിങ് സ്ഥലത്ത് നിർത്തിയിരുന്ന അഞ്ച് ഇരുചക്രവാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന സംശയത്തിൽ പരപ്പന അഗ്രഹാര പോലീസ് അന്വേഷണം ആരംഭിച്ചു. തീ പിന്നീട് വീട്ടിലേക്കും പടർന്നു. വീടിന്റെ വൈദ്യുതി മീറ്റർ ബോർഡിനും വാതിലുകൾക്കും ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചു.
സംഭവത്തിൽ ദുരൂഹത ഉയർത്തുന്നത് വീടിന്റെ പാർക്കിങ് സ്ഥലത്തുനിന്ന് കുറച്ച് അകലെയായി നിർത്തിയിരുന്ന മറ്റൊരു മോട്ടോർസൈക്കിളിനും തീപിടിച്ചതാണ്. ഇതോടെയാണ് തീപിടിത്തം സ്വാഭാവികമായി ഉണ്ടായതാണോ, ആരെങ്കിലും മനഃപൂർവം തീ കൊളുത്തിയതാണോ എന്ന സംശയം ശക്തമായത്.
വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പരപ്പന അഗ്രഹാര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നതടക്കമുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിനുശേഷമേ വ്യക്തമാകൂ.
















