കൊച്ചി: കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ തുടർന്ന്, ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തു.
കൊച്ചി സൈബർ പോലീസ് ആണ് കേസെടുത്തത്. അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിലും ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ചും സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ബിഎൻഎസ് 192, 351 (1), 353, 3(5) എന്നീ വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് 67ഉം ചുമത്തിയാണ് കേസെടുത്തത്.
അതേസമയം അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത നടപടി കടുത്ത വിവേചനമാണെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് പ്രതികരിച്ചു. അവതാരകയുടേത് വ്യാജ പരാതിയാണെന്നും പൊലീസ് തിടുക്കപ്പെട്ട് എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയില്‍ ഇസ്ലാമിനെ പരിഹസിക്കുന്ന പരാമര്‍ശങ്ങളാണ് അവതാരക നടത്തിയത്.
ബാസിലിന്റെ വിശകലന വീഡിയോക്ക് താഴെ മറ്റാരോ പോസ്റ്റിട്ടതിനാണ് കേസെടുത്തിട്ടുള്ളത്. അതിനാല്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്നും, ആരിഫ് ഹുസൈനെതിരെ നല്കിയ പരാതിയില്‍ കേസെടുത്ത് പോലീസ് ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദങ്ങള്‍ മറയാക്കി ഇസ്ലാമിനെ വേട്ടയാടുകയാണെന്നും ചിലര്‍ ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുല്ല ബാസിലിന് എതിരായ എഫ്ഐആർ പിൻവലിക്കാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വർഗീയ പറയുന്നവരെ സംരക്ഷിക്കില്ല. എന്നാൽ വർഗീയത പറഞ്ഞവരെ തുറന്നു കാണിച്ചതിന്റെ പേരിൽ ആരെയും വേട്ടയാടാൻ ലീഗ് അധികാരത്തിലിരിക്കുമ്പോൾ അനുവദിക്കില്ലെന്നും ഫിറോസ് പറഞ്ഞു.
SUMMARY: Channel discussion related to Kanthapuram’s statement; Case filed against Wisdom Students leader Abdullah Basil
















