
ബെംഗളൂരു: ബിഎംടിസി ബസിലെ യുപിഐ ടിക്കറ്റിങ് സംവിധാനത്തിൽ ക്രമക്കേട് നടത്തിയ മൂന്ന് കണ്ടക്ടർമാരെ സസ്‌പെൻഡ് ചെയ്തു. സുരേഷ്, മഞ്ചെഗൗഡ, അശ്വക് ഖാൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
യാത്രക്കാർക്ക് യുപിഐ വഴി ടിക്കറ്റുകൾ എടുക്കാനായി ബിഎംടിസി ബസുകളിൽ ഏർപ്പെടുത്തിയ യുപിഐ പെയ്മെന്റ് സ്കാനറിൽ ഇവർ തിരിമറി നടത്തിയത് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം ഡിസംബറിൽ അധികൃതർ നടത്തിയ പരിശോധനകളിൽ, ഇവർ ടിക്കറ്റ് വിതരണത്തിനായി ഔദ്യോഗികമായി നൽകിയ ബിഎംടിസി യുപിഐ സ്കാനറുകൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി. പകരം, ടിക്കറ്റ് നൽകുമ്പോൾ അവരുടെ സ്വകാര്യ യുപിഐ സ്കാനറുകൾ വഴി നിരക്ക് തുകകൾ ശേഖരിക്കുന്നതായും കണ്ടെത്തിയിരുന്നു.
സുരേഷ് 47,257 രൂപയും, മാഞ്ചെഗൗഡ 54,358 രൂപയും, അശ്വക് 3,206 രൂപയും ആണ് സ്വന്തം അക്കൗണ്ടുകളിലേക്ക് ഇത്തരത്തിൽ വഴി വഴി മാറ്റിയതെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ അറിയിച്ചു.
കോർപ്പറേഷൻ നൽകുന്ന യുപിഐ സ്കാനറുകളുടെ ഉപയോഗം കർശനമായി നിരീക്ഷിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഓപ്പറേഷൻ സ്റ്റാഫും നിർദ്ദിഷ്ട ടിക്കറ്റിംഗ്, റവന്യൂ പിരിവ് നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബിഎംടിസി എല്ലാ ഡിപ്പോ മാനേജർമാർക്കും കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം കേസുകളിലെല്ലാം കർശനവും പ്രതിരോധപരവുമായ നടപടികൾ സ്വീകരിക്കാൻ ട്രാൻസ്‌പോട്ട് മന്ത്രി രാമലിംഗ റെഡ്ഡി ബിഎംടിസി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
SUMMARY: UPI payment fraud in BMTC buses; Three conductors suspended














