ന്യൂഡല്‍ഹി: വേനല്‍ക്കാല ഷെഡ്യൂളില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഇന്ത്യന്‍ വിമാന കമ്പനികള്‍. വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും വിമാന കമ്പനികള്‍ക്ക് അധിക ബാധ്യത സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത് മറികടക്കാനായാണ് സര്‍വീസുകള്‍ വ്യാപകമായി വെട്ടികുറയ്ക്കുന്നത്. മാർച്ച് 29ന് ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഴ്ചയിൽ ഏകദേശം 3,000 സർവീസുകൾ കുറവായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഇക്കാര്യത്തില്‍ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെങ്കിലും വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാല ഷെഡ്യൂളില്‍ ആഴ്ച്ചയില്‍ 25,610 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം മാര്‍ച്ച് 29 മുതല്‍ ഒക്ടോബര്‍ 31 വരെ ഇത് 22600 ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ധനവില വര്‍ധനവും, വിദേശനാണ്യ വിനിമയ നിരക്കിലെ വ്യതിയാനവും കമ്പനികളെ പിടിച്ചുകുലുക്കിയെന്ന് സാരം. പ്രതിസന്ധി മറികടക്കാനായി ഇന്‍ഡിഗോ ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചേക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു. ഏപ്രിലില്‍ പ്രതിദിനം 2000 ആഭ്യന്തര സര്‍വീസുകളുമായി മുന്നോട്ട് പോകാനാണ് ഇന്‍ഡിഗോയുടെ തീരുമാനം. വിമാന ഇന്ധന വില വീണ്ടും വര്‍ധിച്ചാല്‍ ഏപ്രില്‍ മുതല്‍ ടിക്കറ്റ് നിരക്കിലും മാറ്റം വരുത്താന്‍ കമ്പനികള്‍ തയ്യാറായേക്കും.
SUMMARY: West Asian crisis continues; airlines to cut services















