തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏട്ടരയോടെ ശിവപ്രസാദിന്റെ അമ്മയാണ് ഇവരുടെ വീടിന് മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ ഉണ്ണിമായയുടെ മൃതദേഹം കാണുന്നത്.
ഇവരുടെ കരച്ചില്‍ കേട്ട് സമീപത്തെ കെട്ടിടനിർമാണ തൊഴിലാളികള്‍ ഓടിയെത്തിയെങ്കിലും അവരെ ശിവപ്രസാദ് തടഞ്ഞതായി നാട്ടുകാർ പറഞ്ഞു. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉണ്ണിമായയെ ഉടൻ തൃശ്ശൂർ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് അയ്യന്തോളില്‍ വെച്ച് പിടികൂടി.
ഇവർക്ക് നാലു വയസുള്ള ഒരു പെണ്‍കുഞ്ഞാണുളളത്. ഏതാനും ദിവസമായി ഉണ്ണിമായയുടെ വീട്ടിലാണ് മകള്‍ നൗറിൻ താമസം. ഇവർ തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്നും സംഭവ ദിവസം രാവിലെയും ഇവർക്കിടയില്‍ വാക്കു തർക്കം ഉണ്ടായതായും പറയുന്നു. ഇതിനിടയിലാകാം കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
SUMMARY: Woman strangled to death in Thrissur; husband in custody















