ബെംഗളൂരു: മകളുമായുള്ള പ്രണയബന്ധത്തില്‍ പ്രകോപിതനായി തൊഴിലുടമ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണ്‍ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തൊഴിലുടമയും തമിഴ്നാട് സ്വദേശിയുമായ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശിയായ ആനന്ദ് സ്വീറ്റ് കോണ്‍ തയ്യാറാക്കുന്നതിനുള്ള മെഷീനുകള്‍ നിർമിക്കുന്ന കമ്പനി നടത്തിവരികയായിരുന്നു.
ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി കിരണ്‍ അടുപ്പത്തിലായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. കിരണിനെ മകളോടൊപ്പം വീട്ടില്‍വെച്ച് കണ്ടതോടെ ആനന്ദ് പ്രകോപിതനായി. തുടർന്നുണ്ടായ മർദനത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കിരണിനെ രണ്ടുദിവസമായി ബെംഗളൂരുവില്‍ നിന്ന് കാണാതായിരുന്നു.
ഇതേത്തുടർന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കിരണ്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. അന്വേഷണത്തിനിടെ കൊലപാതകത്തിന് പിന്നില്‍ തൊഴിലുടമയായ ആനന്ദാണെന്ന് കണ്ടെത്തുകയായിരുന്നു.
SUMMARY: Young Malayali man beaten to death in Bengaluru; female friend’s father arrested















