Follow the News Bengaluru channel on WhatsApp

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

 

കഥ പതിനൊന്ന്   

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

സാധാരണ ഗതിയില്‍ ബാല്യകാലസ്മരണകള്‍ ഇല്ലാത്തവരായി ആരുമുണ്ടാവില്ല.. കടന്നുവന്ന വഴിത്താരകള്‍ ചിലര്‍ക്ക് ദുരിതങ്ങള്‍ നിറഞ്ഞതാവാം. ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവയാണെങ്കിലും തുടര്‍ന്നുള്ള ജീവിതത്തില്‍ അറിയാതെയെങ്കിലും ഓര്‍ത്തുപോവുന്ന കയ്‌പ്പേറിയ അനുഭവങ്ങളാവുമ്പോള്‍ മറ്റു ചിലര്‍ക്ക് ബാല്യകാലം മധുരമൂറുന്ന മാമ്പഴക്കാലമാവാം.

കുതിച്ചു പായുന്ന ഇന്നത്തെ ഇന്റര്‍നെറ്റ് യുഗത്തില്‍ പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ബാല്യകാല സ്മരണകള്‍. മാതാപിതാക്കള്‍ തങ്ങളുടെ ബാല്യകാലസ്മരണകള്‍ പങ്കുവെക്കാന്‍ തുനിയുമ്പോള്‍, ഇന്നത്തെ തലമുറ അതൊന്നും കേള്‍ക്കാന്‍ താല്‍പര്യമില്ലാതെ, ഇന്റര്‍നെറ്റില്‍ തലപൂഴ്ത്തി ലോകം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍
കോഴി ചെതല് ചെനക്കുമ്പോലെ എന്തൊക്കെയോ തിരയുന്ന തത്രപ്പാടിലാണ്. എത്ര പറഞ്ഞാലും കൊതി തീരാത്ത സ്മരണകള്‍ ഉറങ്ങുന്ന ശവപ്പറമ്പുകളത്രെ മനുഷ്യ മനസ്സുകള്‍. ബാല്യത്തിലെ കുസൃതികള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ബാലിശമായി തോന്നാമെങ്കിലും ഓര്‍ക്കുന്ന സമയത്ത് ഒരു പാല്പായസം കഴിച്ച അനുഭൂതി ഉണ്ടാകുമല്ലോ. കുട്ടിക്കാലത്തെ കുഞ്ഞനുഭവങ്ങളും അവക്ക് കാലാന്തരത്തില്‍ വന്ന അനുഭവ വ്യതിയാനങ്ങളും താരതമ്യം ചെയ്യുന്നതും ഒരു രസമാണ്.

ട്രൗസര്‍ പ്രായത്തിലെ പല്ലു പറി ഒരു സംഭവമാണ്. പല്ല് ഇളകി തുടങ്ങിയാല്‍ പിന്നെ ഒരു അങ്കലാപ്പാണ്..
അതെങ്ങാനും ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ കൂടെ വയറ്റിലെത്തുമോ എന്ന പേടി.
വായില്‍ നിന്നും പറിച്ചു മാറ്റുമ്പോഴുള്ള രക്തം ചിന്തലും വേദനയും ആലോചിച്ചു കുഞ്ഞു മനസ്സുകള്‍ വേവലാതിപ്പെടും. അന്നത്തെ കാലത്തു ഇന്നത്തേതുപോലെ മുക്കിനു മുക്കിനു ദന്ത വൈദ്യന്‍മാരില്ലാതിരുന്ന കാരണം തറവാട്ടിലെ ഏതെങ്കിലും വിമുക്ത ഭടന്മാരോ അല്ലെങ്കില്‍ ഉരുക്കുവനിതകളോ ആയിരിക്കും. പല്ലുപറി ദൗത്യം ഏറ്റെടുക്കുക. ഞങ്ങളുടെ കുട്ടിക്കാലത്തു പല്ലുപറി വിദഗ്ദ്ധ ഗോമതി വലിയമ്മയായിരുന്നു. വെളക്കത്ര ലക്ഷ്മിയമ്മ പേറെടുക്കുന്ന ലാഘവത്തോടെയാണ് വലിയമ്മ ഞങ്ങളുടെ ഇളകിയാടുന്ന പല്ലുകള്‍ പറിക്കുക. അതിനു ചില രീതികളൊക്കെയുണ്ട്. ലേശം ഇളകി തുടങ്ങിയാല്‍ വലിയമ്മയെ പല്ലു കാണിക്കണം. മൂപ്പത്തിയാര് അതൊന്ന് ആട്ടി നോക്കും. വലിയ തോതില്‍ ആട്ടമില്ലെങ്കില്‍ അടുത്ത അപ്പോയ്ന്റ്‌മെന്റ് തരും. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു വീണ്ടും ആട്ടി നോക്കും. ഒരുവിധം ഇളക്കമുണ്ടെങ്കില്‍ എന്‍. ടി. പി. ഡ്രൈവര്‍ ശങ്കരന്നായര് ഗിയറു മാറ്റുമ്പോലെ രണ്ടു മൂന്നു വലിക്ക് പല്ലു കയ്യില്‍ വരും. കുറച്ചു കോംപ്ലിക്കേറ്റഡ് കേസാണെങ്കില്‍ പിന്നെ ഒരു നൂല്‍ പ്രയോഗമുണ്ട്. ഇളകുന്ന പല്ലിന്റെ ചോട്ടില്‍ മരം വെട്ടുമ്പോള്‍ കയറിട്ടു പിടിക്കുന്ന പോലെ നൂല് കൊണ്ട് കുടുക്കിട്ടശേഷം ഒരു പണ്ടാര വലിക്കു പല്ല് നൂലില്‍ ഊഞ്ഞാലാടും.

നമ്മടെ കണ്ണില്‍ നിന്ന് കണ്ണീരും വായില്‍ നിന്ന് ചോരയും വരുമ്പോള്‍ ഇതൊക്കെ എന്ത് എന്ന ഭാവമായിരിക്കും ഉരുക്കു വനിതയുടെ മുഖത്തു വിടരുക. അപ്രകാരം വാ ബന്ധം വിട്ട പല്ലുകള്‍ ലേശം ചാണകത്തില്‍ പൊതിഞ്ഞു ഓട്ടിന്‍പുറത്തേക്കെറിയും. കൂട്ടത്തില്‍ കീരികീരി കിണ്ണം താ എന്ന പാട്ടും പാടാറുണ്ട്. അതിന്റെ ഗുട്ടന്‍സ് ഇനി കാണുമ്പോള്‍ ചോദിക്കണം. അന്ന് ചോദിയ്ക്കാന്‍ പേടിയായിരുന്നു.
സ്റ്റീരിയോ ഫോണിക് സൗണ്ടില്‍ എല്ലാരും കേള്‍ക്കെ ‘നെഷേധി’ വിളി കേള്‍ക്കേണ്ടിവരുമല്ലോ എന്ന പേടി.

പിന്നെ പുതിയ പല്ലു വരാന്‍ താമസിച്ചാല്‍ ഒരു ചെറിയ സര്‍ജറിയും വലിയമ്മ തന്നെ ചെയ്യും. ഒരു നെല്ലെടുത്ത് തൊണ്ണില്‍ ഒരു കീറ് കീറും. സ്‌കെയില്‍ ഒന്നും വെക്കാത്തതുകൊണ്ടു എന്റെ മോണയില്‍ കീറിയത് വളഞ്ഞും പുളഞ്ഞും ആയതിനാല്‍ പല്ലുകളൊക്കെ കൂഴ ചക്ക വീണു പ്ലാവിന്‍ തയ്യുകള്‍ കൂട്ടത്തോടെ മുളക്കുന്നപോലെയായിപ്പോയി. ഇപ്പോഴാണെങ്കില്‍ കൃത്യ വിലോപത്തിനു നഷ്ട പരിഹാര കേസ് ഫയല്‍ ചെയ്യാമായിരുന്നു.

ഇനി കുറെ കണ്ടതും കേട്ടതുമായ പല്ലുപറി അനുഭവങ്ങള്‍ പങ്കുവെക്കാം. ഒരിക്കല്‍ ശിഷ്യന്‍ കേശവന്‍ തോട്ടത്തില്‍ വെച്ച് പല്ലുപറിച്ചതു് പാള
നാരു കൊണ്ടായിരുന്നു. നാരിന്റെ ഒരറ്റം ഇളകുന്ന പല്ലിലും മറ്റേ അറ്റം ഒരു കവുങ്ങിലും കെട്ടി. എന്നിട്ടു വണ്‍ ടു ത്രീ പറഞ്ഞുകൊണ്ട് ഒറ്റ ഓട്ടം. പിന്നെ കണ്ടത് പാള നാരിന്റെ അറ്റത്തു തൂങ്ങി ചത്തപോലെ പല്ല് കിടന്നാടുന്നതാണ്. കുഞ്ചാവയുടെ പല്ലു പറിക്കാന്‍ അച്ഛന്‍ വിളിച്ചപ്പോള്‍ പേടിച്ചോടിയ അവനെ ചൂരി ഓടിച്ചിട്ട് പിടിച്ചു തോര്‍ത്ത് കൊണ്ട് കൈകള്‍ എല്ലാം കെട്ടിയാണ് ഹാജരാക്കിയത്. കൊണ്ടുവരുമ്പോള്‍
പഞ്ചായത്തിലെ നായ പിടുത്തക്കാര്‍ കുരുക്കിട്ട് പിടിക്കുമ്പോള്‍ ചൊക്കി മോങ്ങുന്നപോലെ മോങ്ങിയാണ് വന്നതെങ്കിലുംപല്ലു വലി കഴിഞ്ഞപ്പോള്‍ സീറോ വോള്‍ടേജ് ബള്‍ബ് കത്തുന്ന പോലെ ഒരു വളിച്ച തൊലി മോന്തയില്‍ ഉണ്ടായിരുന്നത് ഞങ്ങള്‍ കണ്ടു. എന്റെ അണക്കലെ പല്ലൊരെണ്ണം തൊരന്നു തൊപ്പിയിടാന്‍ ഒരു ധൈര്യത്തിന് പുത്രനെയും കൂട്ടിയാണ് പോയത്. തൊരക്കുമ്പോള്‍ വേദന വന്നാല്‍ ഉടന്‍ കൈ പൊക്കണമെന്ന് ഭിഷഗ്വരന്‍ ശട്ടം കെട്ടി. പിന്നീട് ഞാന്‍ ഉയര്‍ത്തിയ കയ്യ് താഴ്ത്തുകയേ ഉണ്ടായിട്ടില്ലെന്ന അവന്റെ ഊതലില്‍ ലേശം കാറ്റില്ലായ്മയില്ലെന്നു പറഞ്ഞുകൂടാ.

ഭാര്യയുടെ സോള്‍ ഗഡിയും പണ്ടത്തെ അയല്‍വാസിയുമായ ഒരു ചേച്ചി സ്വഭാവം കൊണ്ട് ചെറുപ്പത്തില്‍ പോരുകോഴിയെ പോലെ ഊര്‍ജ്ജസ്വലയും, കല്യാണം കഴിഞ്ഞു രണ്ടു പെറ്റതില്‍ പിന്നെ ബ്രോയ്ലര്‍ ചിക്കനുമായി മാറിയിരുന്നു. ചേച്ചി പോരുകോഴിയായിരുന്ന കുട്ടിപാവാട കാലത്തു് അമ്മ പല്ലു പറിക്കാന്‍ വിളിച്ചപ്പോള്‍ ഓടിയതു കാരണം കലിപ്പ് കേറി ചന്ത മലയാളം പറഞ്ഞു ചേസ് ചെയ്ത മമ്മി അടുക്കളയില്‍ കൂട്ടാനെളക്കി കൊണ്ടിരുന്ന ചിരട്ടക്കയിലുകൊണ്ടു എറിഞ്ഞത് ചേച്ചിടെ കണ്ണിനു മുകളില്‍ കൊണ്ട പാട് ഇപ്പോഴുമുണ്ട്. ചേച്ചി ബ്രോയിലര്‍ ആയ ശേഷം ഒരു ഓട്ട പല്ലെടുക്കുന്നതിന്റെ മുന്നോടിയായി ഒരു ചുള്ളന്‍ ഡോക്ടര്‍ മയക്കു വെടി കുത്താന്‍ വന്നപ്പോള്‍ വെപ്രാളം കൊണ്ട് ഡോക്ടറെ കെട്ടിപ്പിച്ച പിടിച്ച കഥയും പറയണ കേട്ടു.

അവസാനമായി ഈ പല്ലോര്‍മ്മകളിലേക്ക് മ്മളെ നയിച്ച കാര്യം കൂടി പറഞ്ഞുകൊണ്ട് കഥ കഴിക്കാം. ഒരാഴ്ച മുമ്പാണ് പടിപ്പെരവീട്ടില്‍ കുഞ്ഞുലക്ഷ്മി അമ്മക്ക് പല്ലുവേദന ഇളകിയത്. ഒന്ന് രണ്ടു ദിവസം ക്ലോവ് ഓയിലും മറ്റു മുറിവൈദ്യവുമൊക്കെ നോക്കിയെങ്കിലും നോ ഗുണം. പിന്നെ കൂടിയാലോചനകള്‍ക്കുശേഷം പല്ലു ഡോക്റ്ററെ കാണാന്‍ തീരുമാനിക്കുന്നു. രണ്ടുകൊല്ലം മുമ്പ് ഇതുപോലൊരു പല്ലു വേദനയെ തുടര്‍ന്ന് ഒരാഴ്ചത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ആസ്പത്രിയില്‍ പോയി പല്ലെടുത്ത മുന്‍ പരിചയം ഉണ്ട്. അതിന്റെ പിന്‍ബലത്തില്‍ പാത്തിക്കിരി സന്ദര്‍ശനം നടത്താന്‍ തീരുമാനമായി.
അടുത്തുതന്നെയുള്ള ഒരു പെണ്ണ് ഡോക്ടറെ കണ്ടു. തല്ക്കാലം
പല്ലു പരിശോധനയും പ്രാദേശിക മയക്കു വെടി കൊടുത്തു തരിപ്പിച്ച ശേഷം ഒരു ക്ലീനിങ്ങും നടത്തി. അപ്പോള്‍ തന്നെ മുഖം അയിലിമുടിച്ചി
മല പോലെ കുന്നും കുഴിയുമായി. സംസാരം ഏറെക്കുറെ കല്ലുവഴി ചിട്ട കഥകളിയായി. പിന്നെ രണ്ടീസത്തേക്ക് ആന്റി ബിയോട്ടിക്സ്, വേദനസംഹാരി, ചോര മര്‍ദ്ദം, പഞ്ചാരാദി പരിശോധനകള്‍, ഇത്യാദികള്‍. .
പ്രായാധിക്യം, മേല്പറഞ്ഞ പ്രകാരമുള്ള അസ്‌കിതകള്‍ മുതലായവ കാരണം എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആശുപത്രി വാസം വരെ വേണ്ടിവരുമെന്ന് ഡോക്ടര്‍ മാഡം
പറഞ്ഞപ്പോള്‍ തൊട്ട് പി. വി. കെ. അമ്മ പണ്ടേ ദുര്‍ബ്ബല അതിലും ഗര്‍ഭിണി എന്ന് പറഞ്ഞപോലെയായി. പല്ലുപറി ഏതു ദുരന്തത്തില്‍ അവസാനിക്കുമെന്ന ചിന്ത സ്വാഭാവികമായി അവരെ വേണ്ടാത്ത നിഗമനങ്ങളിലേക്കു നയിച്ചു. ചെറുപ്പ കാലം തൊട്ടേ ഈ സ്വഭാവം കൂട്ടിനുണ്ട്. സ്‌കൂള്‍ പഠനകാലത്ത് ചരിത്രം പഠിപ്പിച്ച മൊയ്‌ലിയാര് വലിയ കോയിത്തമ്പുരാനെന്നു പറഞ്ഞപ്പോള്‍ മൊയ്‌ലിയാര്‍ക്കു കോഴി കോയി ആയതാണെന്ന നിഗമനത്തില്‍ വലിയ കോഴി തമ്പുരാനാണെന്നു ശരിയെന്നു പറഞ്ഞയാളാണ് കുട്ടികുഞ്ഞിലക്ഷ്മി.

പിന്നെ ചാവേറുകാര് യുദ്ധത്തിന് പോണപോലെ രണ്ടും കല്പിച്ചു പോയി. രണ്ടു മയക്കു വെടി കൊണ്ട് കൊഞ്ഞി മരവിപ്പിച്ചു പല്ലെടുത്തു. എന്തായാലും അത്യാഹിതങ്ങളൊന്നും സംഭവിക്കാതെ സംഭവം കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ഞങ്ങള്‍ പെണ്ണുമ്പിള്ളയുടെ കന്നി പ്രസവം കഴിഞ്ഞു പിള്ള കരച്ചില്‍ കേട്ട കണവനെ പോലെ ദീര്‍ഘ നിശ്വാസം വിട്ടു വീടുപൂകി

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

 

കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ് – ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്- മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത് -കൂളിംഗ് ഗ്ലാസും ചേടത്തിയാരും

വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.