Search
Siraj Daily
Siraj Daily
From the printതാത്കാലിക വി സി നിയമനം: ഗവര്‍ണറുടെ തീരുമാനം തെറ്റെന്ന് ഹൈക്കോടതി
നിയമനം ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ.
Published May 20, 2025 1:34 am | Last Updated May 20, 2025 1:34 amBy വെബ് ഡെസ്‌ക്
കൊച്ചി | കേരള സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലറായി ഡോ. ശിവപ്രസാദിനെ നിയമിച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ തീരുമാനം തെറ്റാണെന്ന് ഹൈക്കോടതി. എന്നാല്‍, ഈ മാസം 27ന് ശിവപ്രസാദിന്റെ കാലാവധി തീരുന്ന സാഹചര്യത്തില്‍ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സമാന രീതിയില്‍ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ താത്കാലിക വി സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജിയും കോടതി തീര്‍പ്പാക്കി. സിസ തോമസിന്റെ കാലാവധിയും ഈ മാസം 27ന് അവസാനിക്കുകയാണ്. ഇരു സര്‍വകലാശാലകളിലും സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. സര്‍ക്കാറിന്റെ ശിപാര്‍ശ പരിഗണിച്ച് മാത്രമേ പുതിയ നിയമനം നടത്താവൂ എന്ന് കോടതി വ്യക്തമാക്കി.
ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരുന്നപ്പോഴാണ് ഇരു സര്‍വകലാശാലകളിലും താത്കാലിക വിസി നിയമനം നടന്നത്. സാങ്കേതിക സര്‍വകലാശാലാ വി സിയുടെ ചുമതല വഹിച്ചിരുന്ന ഡോ. സജി ഗോപിനാഥ് കാലാവധി പൂര്‍ത്തിയാക്കിയ ശേഷം, പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ സര്‍ക്കാര്‍ പാനല്‍ നല്‍കിയിരുന്നു. ഇത് അവഗണിച്ച് ഡോ. ശിവപ്രസാദിനെ ഗവര്‍ണര്‍ ഈ പദവിയില്‍ നിയമിക്കുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.