കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ ഗംഗാവാലി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഒരു സ്ത്രിയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. അർജുൻ ഉൾപ്പെടെ നാലു പേരെയാണ് അപകടത്തിൽ കാണാതായത്. മൃതദേഹം ലഭിച്ചത് ജില്ലാ കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതേദഹം കണ്ടെത്തിയെന്നുള്ള കാര്യം മാധ്യമങ്ങളെ അറിയിച്ചത് ലോറി ഉടമ മനാഫ് ആണ്.
കാണാതായവരുടെ പട്ടികയിൽ സന്നി ഗൗഡ എന്ന സ്ത്രീയുടെ പേരുണ്ട്. എന്നാൽ കണ്ടെത്തിയ മൃതദേഹം ഇവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചിൽ. ഇന്നലെ നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.