തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായുള്ള ഹിയറിങ്ങും ബി.എൽ.ഒതല ഫീൽഡ് സൂക്ഷ്മ പരിശോധനയും ശനിയാഴ്ചയോടെ അവസാനിച്ചു. ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള അവസാന സമയമായ ഡിസംബർ 30 വരെ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയാണ് ബി.എൽ.ഒമാർ ശനിയാഴ്ചയോടെ പൂർത്തിയാക്കിയത്. അന്തിമ പട്ടിക 21ന് പുറത്തിറക്കും.
ഹിയറിങ് അവശേഷിച്ച കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ശനിയാഴ്ച നടപടികൾ പൂർത്തിയായത്. സംസ്ഥാനത്ത് ആകെയുള്ള 2.78 കോടി വോട്ടർമാരിൽ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് തിരിച്ചേൽപ്പിച്ചത് 2.54 കോടി പേരാണ്. 24 ലക്ഷം പേരെ കണ്ടെത്താനാകാത്തവരായി കണക്കാക്കി പുറത്താക്കിയതോടെയാണ് കരട് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 2.54 കോടിയായി ചുരുങ്ങിയത്.
19.32 ലക്ഷത്തിൽ നിന്ന് 40,000 പേരാണ് ഹിയറിങ്ങിലൂടെ പുറത്തായത്. ഇതിൽ 4000ഓളം പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും 1700ഓളം പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 34,000 പേർ താമസം മാറിയവരുമാണെന്നുമാണ് കമീഷന്റെ പ്രാഥമിക കണക്ക്.
വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള പ്രവാസികളുടെയടക്കം അപേക്ഷകളിലെ സൂക്ഷ്മ പരിശോധനയാണ് അവസാന ദിവസങ്ങളിൽ പ്രധാനമായും ബി.എൽ.ഒമാർക്കുണ്ടായിരുന്നത്. 30 വരെ അപേക്ഷ സമർപ്പിച്ചവരാണ് 2026ലെ എസ്.ഐ.ആർ പട്ടികയിലുണ്ടാവുക. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും വോട്ടർ പട്ടികയിൽ പേര് ചേർക്കാമെങ്കിലും എസ്.ഐ.ആർ പട്ടികയിലെ വെയിറ്റേജ് ലഭിക്കില്ല.
SUMMARY: SIR hearing completed; final list on 21st
















