ബെംഗളൂരു: കര്‍ണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നായി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ച 316 ഗാർഹിക എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു. ബെംഗളൂരുവിലെ പീനിയയിൽ നിന്നും 45 ഉം ചിക്കജാലയിൽ നിന്നും 209 ഉം, ശിവമോഗ ജില്ലയിൽ 3 ഉം, ദാവണഗെരെയിൽ 46 ഉം, യാദ്ഗിർ ജില്ലയിൽ 13 ഉം വീതമാണ് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ശനിയാഴ്ച അറിയിച്ചു.
ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന മന്ത്രി കെ.എച്ച്. മുനിയപ്പ നിർദ്ദേശത്തെത്തുടർന്നാണ് വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതു. ക്രമക്കേടുകള്‍ കണ്ടെത്തിയത്തിനെതിരെ അവശ്യവസ്തു നിയമപ്രകാരമാന് കേസുകൾ രജിസ്റ്റർ ചെയ്തത്.
കോലാർ ജില്ലയിലെ കെജിഎഫിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ റീഫിൽ ചെയ്തിരുന്ന ഗ്യാസ് ഏജൻസി കടയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മൊത്തം വാണിജ്യ സിലിണ്ടറുകളുടെ 20 ശതമാനം ആശുപത്രികൾ, സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കാന്റീനുകൾ, പ്രസാദ വിതരണത്തിനുള്ള പ്രധാന ക്ഷേത്രങ്ങൾ, സർക്കാർ ഓഫീസുകൾ, വൃദ്ധസദനങ്ങൾ, പ്രധാനപ്പെട്ട സ്വകാര്യ മേഖലയിലെ ഓഫീസുകൾ എന്നിവയ്ക്ക് മുൻഗണനാക്രമത്തിൽ വിതരണം ചെയ്യുമെന്ന് വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്തുടനീളം ആകെ 3,86,363 ഗാർഹിക സിലിണ്ടറുകളും (14.2 കിലോഗ്രാം) 6,371 വാണിജ്യ സിലിണ്ടറുകളും വിതരണം ചെയ്തതായും അറിയിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു.
SUMMARY: 316 domestic LPG cylinders used for commercial purposes seized
















