ഗാംഗ്‌ടോക്ക്: സിക്കിമില്‍ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ വിവിധയിടങ്ങളില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങി. ചുഗ്താഗില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ലാച്ചനിലേക്ക് പോകുകയായിരുന്ന ഇരുന്നൂറോളം സഞ്ചാരികളാണ് വഴിമധ്യേ കുടുങ്ങിയതെന്ന് മാംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ അറിയിച്ചു.
കുടുങ്ങിപ്പോയ സഞ്ചാരികളെ സുരക്ഷിതമായി ചുഗ്താഗിലെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ താമസസൗകര്യവും ഭക്ഷണവും അധികൃതർ ഉറപ്പാക്കി. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ തടസ്സപ്പെട്ട പാതയിലെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.
ലാച്ചുഗിലേക്കുള്ള പാതയിലെ തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കുടുങ്ങിയ സഞ്ചാരികളെ സുരക്ഷിതരായി ഗാംഗ്‌ടോക്കിലേക്ക് മടക്കിയയച്ചു. 2023-ലെ പ്രളയത്തിന് ശേഷം അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി മാർച്ച് ഒൻപതിനാണ് ലാച്ചൻ പാത വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.
എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മണ്ണിടിച്ചില്‍ മൂലം പാത വീണ്ടും അടയ്ക്കേണ്ടി വന്നു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് സിക്കിമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ സോംഗോ തടാകം, നാഥുല പാസ് എന്നിവ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
SUMMARY: Heavy rains and landslides in Sikkim; Tourists stranded
















