ന്യൂഡൽഹി: മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി ഉൾപ്പെടെയുള്ള മൂന്ന് കന്യാസ്ത്രീകളെയും എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് റെയിൽവേ പോലീസ്. ചൊവ്വാഴ്ച മധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന ഒഡീഷയില്‍ നിന്നുള്ള വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
മഠത്തിൽ പഠിക്കുന്ന പെൺകുട്ടികളെ ഒഡീഷ്യയിലെ അവരുടെ വീടുകളിലേക്ക് അവധിക്ക് കൊണ്ടുപോകാൻ പോയ രണ്ട് കന്യാസ്ത്രീകൾ അടക്കം എട്ടു പേരെയാണ് തടഞ്ഞത്. ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു. ഇൻഡോർ രൂപത അറിയിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്.
സ്റ്റേഷനിലെത്തിയ ഉടനെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തെളിവുകളുണ്ടെന്ന് പറഞ്ഞാണ് പോലീസ് നടപടി. ഇൻഡോർ രൂപത ബിഷപ് തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെ സംഘത്തെ വിട്ടച്ചു. മനുഷ്യക്കടത്താണെന്ന് പറഞ്ഞ് റെയിൽവെ പോലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്നാണ് അറിഞ്ഞതെന്നും ഇതോടെ അവര്‍ക്ക് പോകാനുള്ള ട്രെയിനും പോയെന്നും ആരോ തെറ്റായ വിവരം നൽകുകയായിരുന്നുവെന്നും ബിഷപ്പ് തോമസ് മാത്യു പറഞ്ഞു.
SUMMARY: Nuns, including Malayalis, taken into custody in Madhya Pradesh on charges of human trafficking







