പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പരിശോധനകള്‍ക്കായി എസ്ഐടി സംഘം സന്നിധാനത്ത്. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും താഴത്തെ ഭാഗവുമാണ് ഇളക്കി പരിശോധിക്കുന്നത്. ഹൈക്കോടതിയുടെ അനുമതിയോടെ, കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ഈ നടപടി. എസ്ഐടി തലവനായ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്തെത്തി പരിശോധനകൾക്ക് മേൽനോട്ടം വഹിച്ചത്. പ്രധാനമായും ക്ഷേത്രത്തിലെ പ്രഭാമണ്ഡലം, കട്ടളപ്പടിയുടെ താഴത്തെ ഭാഗം എന്നിവടങ്ങളിലാണ് സംഘം വിശദമായ പരിശോധന നടത്തിയത്. കൂടുതൽ സ്വർണമുള്ളത് കട്ടളപ്പടിയുടെ താഴത്തെ ഭാഗത്തായതിനാൽ ഇവിടുത്തെ അളവുകൾ കേസിൽ ഏറെ നിർണായകമാണ്.
ഇളക്കിയെടുത്ത ഭാഗങ്ങളുടെ തൂക്കം കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിനായി ലീഗൽ മെട്രോളജി വിഭാഗത്തിലെ വിദഗ്ധ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നേരത്തെ ലബോറട്ടറിയിൽ നിന്നും ശേഖരിച്ച പരിശോധനാ ഫലങ്ങൾക്കൊപ്പം ഈ പുതിയ ശാസ്ത്രീയ വിവരങ്ങൾ കൂടി ചേർത്താകും ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. കോടതിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കൂ
ഏപ്രിലില്‍ നടന്ന പരിശോധനയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ശ്രീകോവിലിന് മുന്നിലുള്ള പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഒഴിവാക്കിയിരുന്നു. പ്രഭാമണ്ഡലത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധന നടക്കുന്നത്. വിശ്വാസപരമായ കാര്യങ്ങളാല്‍ പ്രഭാമണ്ഡലം കൂടുതല്‍ സമയം മാറ്റിവെക്കാന്‍ സാധിക്കാത്തതിനാല്‍ അത് അഴിച്ചെടുത്ത് പരിശോധന പൂര്‍ത്തിയാക്കി നട അടക്കുന്നതിന് മുന്‍പ് തന്നെ തിരികെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. പരിശോധനകള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കി, എത്രയും വേഗം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്ഐടിയുടെ ലക്ഷ്യമിടുന്നത്.
SUMMARY: Sabarimala gold theft: SIT searches Prabhamandalam and lower part of Kattilapally at Sannidhanam to collect crucial evidence
















