കൊച്ചി: സംസ്ഥാനത്ത് 277 പുതിയ സ്ഥലങ്ങളിലായി 315 അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി. കേന്ദ്ര സര്‍ക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. ഇലക്ട്രിക് വാഹന ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പദ്ധതി നിര്‍ദേശം കെഎസ്ഇബി കേന്ദ്രത്തിനു സമര്‍പ്പിച്ചു.
പൊതു ഇടങ്ങളില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എത്തുന്നത് ഇലക്ട്രിക് വാഹന മേഖലയ്ക്കും ഉപയോക്താക്കള്‍ക്കും ഗുണകരമാകും.ഒന്നാംഘട്ടത്തില്‍ 209 സ്ഥലങ്ങളിലായി 335 ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ 63.12 കോടി കേന്ദ്ര ധനസഹായം ലഭിച്ചിരുന്നു. ആദ്യഘട്ടത്തിലെ നിര്‍മാണം പുരോഗമിക്കുകയാണ്.
2027 മാര്‍ച്ചോടെ പൂര്‍ത്തിയാകും. രണ്ടാംഘട്ട പദ്ധതി ചെലവിന്റെ പകുതിയോളം വരുന്ന 60 കോടി രൂപയുടെ സര്‍ക്കാര്‍ സബ്സിഡിക്കാണ് കെഎസ്ഇബി കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.
ഉയര്‍ന്ന ശേഷിയുളള ചാര്‍ജറുകള്‍
പുതിയ സ്റ്റേഷനുകളില്‍ ഭൂരിഭാഗവും ഉയര്‍ന്ന ശേഷിയുള്ള ചാര്‍ജറുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 245 എണ്ണം 120 കിലോവാട്ട്, 43 എണ്ണം 240 കിലോവാട്ട് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറുകള്‍, 27 എണ്ണം 60 കിലോവാട്ട് ചാര്‍ജറുകള്‍ എന്നിവയാണ് സ്ഥാപിക്കുക. ഇതോടെ പഴയ സ്റ്റേഷനുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ഇതിനുപുറമേ നിലവിലുള്ള പഴയ സ്റ്റേഷനുകള്‍ പുതിയ ഇവി മോഡലുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഉയര്‍ന്ന ശേഷിയുള്ള ചാര്‍ജറുകളാക്കി അപ്ഗ്രേഡ് ചെയ്യാനും കെഎസ്ഇബി പദ്ധതിയിടുന്നുണ്ട്.
വിവിധ ജില്ലകളിലെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം
തിരുവനന്തപുരം – 32, കൊല്ലം -14, പത്തനംതിട്ട -10,
ആലപ്പുഴ -13, കോട്ടയം -19, ഇടുക്കി -14, എറണാകുളം -39,
തൃശൂര്‍-28, പാലക്കാട് -26, മലപ്പുറം- 27, കോഴിക്കോട് -22,
വയനാട് -9, കണ്ണൂര്‍- 13, കാസറഗോഡ് -11
SUMMARY: 315 EV charging stations coming up in the state
















