പാലക്കാട്: മുണ്ടൂരില്‍ വിദ്യാർഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി മുഹമ്മദ് ഫർഹാനാണ് മരണപ്പെട്ടത്. നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പാലക്കാട് നിന്ന് ചെറുപ്പുളശ്ശേരിക്ക് ആശുപത്രി മാലിന്യങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് വിദ്യാർഥികള്‍ക്കുനേരെ പാഞ്ഞുകയറിയത്.
ഒമ്പതാം മൈലിനടുത്ത് വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ആയതിനാല്‍ നിസ്കാരത്തിന് പള്ളിയില്‍ പോയിട്ടുവരികയായിരുന്ന യുവക്ഷേത്ര കോളേജിലെ നാല് വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. റോഡിനോട് ചേർന്ന് നടന്നുപോകുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു.
റോഡിനരികിലൂടെ യാത്ര ചെയ്ത പ്രദേശവാസിക്കും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. മുഹമ്മദ് ഫർഹാനെ ആദ്യം ഒലവക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് വിദ്യാർഥികളുടെയും പ്രദേശവാസിയുടെയും നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.
SUMMARY: Accident in Palakkad: Lorry ploughs into students; one dead
















