കൊച്ചി: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അമിക്കസ് ക്യൂറി റിപ്പോർട്ട്. പദ്ധതി പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോർട്ട്.
പരിസ്ഥിതി അനുമതി ഉണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിഷയത്തില്‍ ഇടപെടാതെ ഫയല്‍ മടക്കി. ദുരന്തസാധ്യതയുള്ള ഏത് നിർമ്മാണവും പരിശോധിക്കാൻ കെഎസ്ഡിഎംഎ (KSDMA)ക്കുള്ള അധികാരത്തില്‍ നിന്ന് ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറി. ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമായ നിലപാടാണ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി സ്വീകരിച്ചതെന്നും അമിക്കസ് ക്യൂറി പറയുന്നു.
കരാർ കമ്പനിക്കും പൊതുമരാമത്ത് വകുപ്പിനും വീഴ്ചയുണ്ടായി. പൊതുമരാമത്ത് വകുപ്പുമായിട്ടാണ് പദ്ധതി കരാർ. പദ്ധതിനിർവ്വഹണം നിയമം പാലിച്ചോ എന്നത് വകുപ്പ് പരിശോധിച്ചില്ല. കരാർ പ്രകാരം മണ്ണ് നീക്കം ചെയ്യാൻ നിശ്ചിത സ്ഥലം നിർദ്ദേശിച്ചതാണ്. എന്നാല്‍ കരാർ കമ്പനിയായ ദിലീപ് ബില്‍ഡ്കോണ്‍ അത് പാലിച്ചില്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടില്‍ പറയുന്നു.
SUMMARY: Kalladi Landslide: Amicus Curiae report against State Disaster Management Authority submitted to High Court.
















