ന്യൂഡൽഹി: ഡൽഹി പോലീസിന്റെ അറസ്റ്റ് വാറന്റ് റദ്ദാക്കാൻ ആവശ്യപ്പെട്ട് പാട്യാല ഹൗസ് കോടതിയെ സമീപിച്ച് എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ഐഷി കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഇതിനിടെ, ഐഷി ഘോഷിനെ കണ്ടെത്താനുള്ള ശ്രമം ഡല്‍ഹി പൊലീസ് ശക്തമാക്കി. ഡല്‍ഹിയിലെ എകെജി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് പോലീസ് വിവരങ്ങള്‍ തേടി.
അർധരാത്രിയിലാണ് പോലീസ് മഫ്തിയിലെത്തിയത്. ഐഷി ഘോഷിന്‍റെ താമസസ്ഥലം അടക്കമുള്ള വിവരങ്ങളാണ് തേടിയത്. ഐഷി ഘോഷ് എവിടെയാണ് താമസിക്കുന്നത്, എകെജി ഭവനില്‍ എപ്പോഴൊക്കെ വരുന്നു, കേന്ദ്ര നേതാക്കളുമായി എപ്പോഴൊക്കെ സംസാരിക്കുന്നു തുടങ്ങിയ നിർണായക വിവരങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. 2021-ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ഈ കേസ് ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി. അതേസമയം, അനുവാദമില്ലാതെ മഫ്തിയിലെത്തിയ പോലീസ് സംഘം എകെജി ഭവനുള്ളില്‍ കയറി വിവരങ്ങള്‍ തേടിയതില്‍ വലിയ പ്രതിഷേധവുമായി സിപിഐഎമ്മും എസ്‌എഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് തീരുമാനം.
SUMMARY: Aishe Ghosh files plea in Patiala House Court seeking to avoid arrest
















