ബെംഗളൂരു: നഗരത്തിലെ വര്‍ത്തൂര്‍–കൊടതി പ്രദേശത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ മനുഷ്യന്റെ തല കണ്ടെത്തിയ സംഭവം പരിഭ്രാന്തിക്ക് സൃഷ്ടിച്ചു. തല കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയത്തിൽ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇത് കൊലപാതകമല്ലെന്നും റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട സംഭവമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ബുധനാഴ്ച രാവിലെയാണ് സംഭവം. വര്‍ത്തൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചപ്പോൾ, സമീപത്തെ ബയ്യപ്പനഹള്ളി റെയിൽവേ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രാത്രിയിൽ റെയിൽവേ ട്രാക്കിൽ തലയറ്റ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി വ്യക്തമായി. സംഭവസ്ഥലത്ത് മൃതദേഹം ഉണ്ടായിരുന്നെങ്കിലും തല കണ്ടെത്താനായിരുന്നില്ല.
തുടർന്നുള്ള അന്വേഷണത്തിൽ മരിച്ചത് ആന്ധ്രാപ്രദേശ് സ്വദേശിയായ 28-കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. ട്രെയിൻ ഇടിച്ചതിന്റെ ആഘാതത്തിൽ ശരീരം വേർപിരിയുകയും തല ട്രാക്കിൽ നിന്ന് അകലെ എത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. തെരുവുനായ്ക്കൾ തല സമീപത്തെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് വലിച്ചുകൊണ്ടുപോയിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
ആദ്യഘട്ടത്തിൽ കൊലപാതകമെന്ന സംശയം ഉയർന്നിരുന്നെങ്കിലും അന്വേഷണം പൂർത്തിയായതോടെ ആ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയിൽവേ പൊലീസ് അന്വേഷണം തുടരുകയാണ്.
SUMMARY: Man’s head found on cricket ground, body near railway tracks; panic, police finally solve mystery
















