ന്യൂഡൽഹി: 21-കാരിയായ മോഡലിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ജിം പരിശീലകൻ പിടിയിലായി. ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മുസ്‌കാൻ എന്ന യുവതിയെ കൊലപ്പെടുത്തിയ പ്രതി ഇമ്രാനെ വ്യാഴാഴ്ച രാത്രി ഡൽഹി പോലീസ് ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. രജൗരി ഗാർഡൻ പ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടുകാലുകൾക്കും വെടിയേറ്റിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
തിലക് നഗറിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു മുസ്കാനാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചുകയറി പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ മുസ്കാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുസ്കാന്റെ വയറിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഒന്നിലധികം തവണ കുത്തേറ്റിരുന്നു.
കൊലപാതകത്തിന് പിന്നാലെ ഒളിവിൽപ്പോയ പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. മുസ്കാനും പ്രതിയും തമ്മിൽ ഒന്നരവർഷത്തോളമായി പരിചയമുണ്ടായിരുന്നെന്നും ഇയാൾ പ്രണയാഭ്യർത്ഥനയുമായി നിരന്തരം ശല്യം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇമ്രാൻ ജോലിചെയ്തിരുന്ന ജിമ്മിലും വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തുകയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
SUMMARY: 21-year-old model stabbed to death in Delhi: Gym trainer shot and arrested by police
















